national news
'സ്വാതന്ത്ര്യം നിഷേധിക്കുക മാത്രമാണ് അറസ്റ്റ് ആസൂത്രണം ചെയ്തവരുടെ ഉദ്ദേശ്യം'; ചിദംബരത്തിനെതിരെ തെളിവില്ലെന്നും ഹിന്ദു മുന്‍ പത്രാധിപര്‍ എന്‍. റാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 15, 05:51 pm
Sunday, 15th September 2019, 11:21 pm

ചെന്നൈ: പൈശാചികമായ അനീതിയാണ് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിനെതിരെ നടപ്പാക്കിയതെന്ന് ‘ദ ഹിന്ദു’ പബ്ലിക്കേഷന്‍സ് ചെയര്‍മാന്‍ എന്‍. റാം. ഐ.എന്‍.എക്‌സ് മീഡിയാ കേസില്‍ ഇന്ദ്രാണി മുഖര്‍ജിയും പീറ്റര്‍ മുഖര്‍ജിയും നല്‍കിയ മൊഴിയല്ലാതെ ചിദംബരത്തിനെതിരെ മറ്റു തെളിവുകളൊന്നുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘അദ്ദേഹത്തിനു സ്വാതന്ത്ര്യം നിഷേധിക്കുക മാത്രമാണ് ഈ അറസ്റ്റ് ആസൂത്രണം ചെയ്തവരുടെ ഉദ്ദേശ്യം. നിര്‍ഭാഗ്യവശാല്‍ രാജ്യത്തെ ഉന്നത കോടതികള്‍ വരെ ഇതില്‍ ഇരകളായി.’- ചിദംബരത്തിന്റെ അറസ്റ്റ് അപലപിക്കാന്‍ ചേര്‍ന്ന തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റിയുടെ യോഗത്തില്‍ പങ്കെടുക്കവെ റാം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ദല്‍ഹി ഹൈക്കോടതിയുടെ പ്രതികരണം ശക്തമായി വിമര്‍ശിക്കേണ്ടതുണ്ട്. ഫലത്തില്‍ കോടതി പ്രോസിക്യൂഷന്റെ കേസ് എടുക്കുക മാത്രമാണു ചെയ്തത്. ഏഴുമാസത്തേക്ക് വിധി മാറ്റിവെച്ചു. ജഡ്ജി വിരമിക്കുന്നതിനു തൊട്ടുമുന്‍പ് ചിദംബരത്തിന് അപ്പീല്‍ പോകാനാവാത്ത വിധം വിധി വന്നു.’- അദ്ദേഹം പറഞ്ഞു.

ജസ്റ്റിസുമാരായ ഭാനുമതിയും ബൊപ്പണ്ണയും നടത്തിയ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിധിന്യായത്തില്‍ ഒട്ടേറെ വസ്തുതാപരമായ പിശകുകളുണ്ട്. ഉദാഹരണത്തിന്, ചിദംബരത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാമെന്നാണ് അതില്‍ പറഞ്ഞത്. അതു പൂര്‍ണമായും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഉടന്‍ തന്നെ ഒരു റിവ്യൂ ഹര്‍ജി കേസില്‍ നല്‍കണമെന്നും റാം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേസുമായി ബന്ധപ്പെട്ട ഒരു രേഖകളും അപകടത്തിലല്ല. ഒന്നും ഇതുവരെ നശിപ്പിക്കപ്പെട്ടിട്ടില്ല. സാക്ഷികള്‍ക്കു ഭീഷണിയുമില്ല. എല്ലാ അര്‍ഥത്തിലും നീതിക്കു തന്നെ ഇതൊരു നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.