തിരുവനന്തപുരം: മന്ത്രി കെ.ബാബു ബിജുരമേശില്‍ നിന്നും 50 ലക്ഷം രൂപ കോഴ വാങ്ങിയതിന് തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍വിജലന്‍സ് മേധാവി എന്‍.ശങ്കര്‍ റെഡ്ഡി സമര്‍പ്പിച്ച ദ്രുതപരിശോധനാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ആരോപണം തെളിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ കിട്ടിയില്ലെന്നും അതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ടന്നുമാണ് റിപ്പോര്‍ട്ട്. 44 രേഖകള്‍ പരിശോധിക്കുകയും 13 പേരില്‍ നിന്ന് മൊഴിയെടുത്തെന്നും ബിജുരമേശിന്റെ അക്കൗണ്ടുകള്‍ പരിശോധിക്കുകയും ചെയ്‌തെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കെ.ബാബുവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞ് ഹൈക്കോടതിയാണ് 10 ദിവസം കൊണ്ട് ക്വിക്ക് വെരിഫിക്കേഷന്‍ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടത്. എറണാകുളം എസ്.പി നിശാന്തിനിയാണ് കേസില്‍ അന്വേഷണം നടത്തിയത്. വിജിലന്‍സ് ജഡ്ജി അവധിയായതിനാല്‍ നാളെയാകും ദ്രുതപരിശോധന റിപ്പോര്‍ട്ട് പരിഗണിക്കുക.