തൊഴിലും കൂലിയും സംബന്ധിച്ച് കൃത്യമായ നിയമം നിലവിലുണ്ടെങ്കിലും കേരളത്തിലെ ആദിവാസികള്‍ക്ക് കിട്ടുന്നത് തുച്ഛമായ കൂലി. തൊഴില്‍ ചൂഷണത്തിനൊപ്പം ശാരീരിമായ അതിക്രമങ്ങളും തൊഴിലിടത്തില്‍ നേരിടുന്നവരാണ് വയനാട്ടിലെ ആദിവാസി സ്ത്രീകള്‍.
പതിനാലാം വയസ്സില്‍ പതിനാല് രൂപ കൂലിക്ക് ജോലി തുടങ്ങിയതാണ് ചോമി. മൂന്നൂറ് രൂപ കൂലി കിട്ടാന്‍ പകലന്തിയോളം ജോലി ചെയ്യുകയാണ് ഇവര്‍. ഭര്‍ത്താവും മകനും രോഗികളാണ്. മൂന്ന് പെണ്‍മക്കളുപ്പെടെയുള്ള മകന്റെ കുടുംബത്തേയും പോറ്റേണ്ട ചുമതല ഈ വൃദ്ധക്കാണ്. മൂന്നൂറ് രൂപയാണ് ഈ കുടുംബത്തിന്റെ ഏകവരുമാനം.
ചോമിയെപ്പോലെ നിരവധി ആദിവാസി സ്ത്രീകളെ കാണാം വയനാടന്‍ പാടങ്ങളില്‍. കൂലി തുച്ഛമാണെങ്കിലും ജോലിക്ക് കുറവില്ല. രാവിലെ ഏഴ് മണിക്ക് കോളനിക്ക് മുന്നില്‍ വണ്ടിയെത്തും. പാടത്തെത്തിയാല്‍ ജോലി തുടങ്ങും. പിന്നെ അന്തിമയങ്ങും വരെ ജോലി. കൂലി നിത്യജീവിതത്തിന് പോലും തികയില്ലെന്ന് ഇവര്‍ പറയുന്നു. 250 രൂപയായിരുന്ന കൂലി കഴിഞ്ഞ വര്‍ഷമാണ് കൂട്ടി നല്‍കിയത്. പലയിടത്തും ഈ കൂലി കൃത്യമായി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.
ഇതേ ജോലി ചെയ്യുന്ന പുരുഷന് ലഭിക്കുന്നത് 500 രൂപ.തോട്ടങ്ങളില്‍ കൂലി ഇതിനേക്കാള്‍ കുറവാണ്.
ഇരട്ട ചൂഷണത്തിനാണ് ആദിവാസി സ്തീകള്‍ വിധേയരാകുന്നത്. ശാരീരികമായ അതിക്രമങ്ങളും നേരിടേണ്ടി വരുന്നു. മറ്റ് സ്ത്രീകള്‍ ക്യാമറക്ക് മുന്നില്‍ പറയാന്‍ തയ്യാറായില്ലെങ്കിലും ചോമി മടിച്ചു നിന്നില്ല. മുന്‍പത്തേക്കാള്‍ ഏറെയാണ് സ്ത്രീകള്‍ക്ക് നേരേയുള്ള അതിക്രമമെന്ന് ചോമി തുറന്നു പറഞ്ഞു.
പുരുഷന്‍മാര്‍ക്കും പല സ്ഥലത്തും പല കൂലിയാണ് ലഭിക്കുന്നത്. സ്ഥിരമായി ജോലി ലഭിക്കുന്ന തോട്ടങ്ങളില്‍ 350 രൂപയാണ് കൂലി. ട്രേഡ് യൂണിയനുകള്‍ പ്രശ്നത്തില്‍ ഇടപെടുന്നില്ലെന്നും ഇവര്‍ക്ക് പരാതിയുണ്ട്.ചോദ്യം ചെയ്യാന്‍ ആദിവാസികള്‍ തയ്യാറാവുന്നില്ല എന്നതും മറ്റ് വിഭാഗങ്ങളിലുള്ള തൊഴിലാളികളുടെ കൂലിയെക്കുറിച്ച് ഇവര്‍ അജ്ഞരാണെന്നതുമാണ് തുച്ഛമായ കൂലിക്ക് ഇപ്പോഴും ജോലി ചെയ്യേണ്ടി വരുന്നത്. ഒപ്പം ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ നിയമനടപടികള്‍ ഉണ്ടാവുന്നുമില്ല.
1979 ല്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം തുല്യ ജോലിക്ക് തുല്യ വേതനം എന്ന നിയമം പാസാക്കിയിട്ടുണ്ട്. എന്നാല്‍ ആക്ട് നിലവില്‍ വന്ന് മുപ്പത്തിയെട്ട് വര്‍ഷം പി്ന്നിടുമ്പോഴും അസംഘടിത തൊഴില്‍ മേഖലയില്‍ തുല്യ വേതനം എന്നത് ഇപ്പോഴും നടപ്പായിട്ടില്ല.