പ്യോങ്ങാങ്: 1990-നു ശേഷം ആദ്യമായാണ് ഉത്തരകൊറിയയില്‍ വെച്ച് കൊറിയന്‍ ഫുട്‌ബോള്‍ ടീമുകള്‍ ഏറ്റുമുട്ടിയത്. മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. എന്നാല്‍ മത്സരശേഷമാണ് കടുത്ത ഫുട്‌ബോള്‍ ആരാധകര്‍ പോലും ഈ വിവരമറിഞ്ഞത്.
അതിനു കാരണമുണ്ട്. ഉത്തരകൊറിയ-ദക്ഷിണകൊറിയ മത്സരം നടന്ന പ്യോങ്ങാങ് കിം ഇല്‍ സുങ് സ്‌റ്റേഡിയത്തില്‍ ആരാധകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മാധ്യമപ്രവര്‍ത്തനത്തിനും ബ്രോഡ്കാസ്റ്റിങ്ങിനും ഉത്തരകൊറിയയില്‍ വിലക്ക് നിലനില്‍ക്കുന്നുണ്ടെങ്കിലും ആരാധകര്‍ക്കും വിലക്കേര്‍പ്പെടുത്തിയത് ചരിത്രപ്രധാനമായ ഒരു മത്സരത്തിന്റെ നിറംകെടുത്തി. ഫിഫ പ്രസിഡന്റ് ജിയോവാനി ഇന്‍ഫന്റീനോയാണ് സ്‌റ്റേഡിയത്തില്‍ പ്രവേശിച്ച അപൂര്‍വം ചിലരിലൊരാള്‍.
ബെയ്ജിങ്ങിലെ ദക്ഷിണകൊറിയന്‍ എംബസിയില്‍ മൊബൈല്‍ ഫോണുകള്‍ ഏല്‍പ്പിച്ച ശേഷമായിരുന്നു ദക്ഷിണകൊറിയന്‍ താരങ്ങള്‍ തിങ്കളാഴ്ച മത്സരത്തിനു യാത്ര തിരിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നാട്ടിലേക്കു മടങ്ങും മുന്‍പ്, മത്സരത്തിന്റെ മുഴുവന്‍ സമയ ദൃശ്യങ്ങളടങ്ങുന്ന ഡി.വി.ഡി കൈമാറാമെന്ന് ഉത്തരകൊറിയന്‍ അധികൃതര്‍ നല്‍കിയ ഉറപ്പിന്മേലാണ് ദക്ഷിണകൊറിയക്കാര്‍ക്കു പ്രതീക്ഷ. ടോട്ടനം സൂപ്പര്‍ താരം സണ്‍ ഹ്യൂന്‍ മിന്നാണു മത്സരത്തില്‍ ദക്ഷിണകൊറിയയെ നയിച്ചത്.