അയോധ്യയിൽ മസ്ജിദ് നിർമിക്കാൻ നൽകിയ സ്ഥലം പിടിച്ചെടുക്കണം; യോഗി ആദിത്യനാഥിന് കത്തുമായി ബി.ജെ.പി നേതാവ്
national news
അയോധ്യയിൽ മസ്ജിദ് നിർമിക്കാൻ നൽകിയ സ്ഥലം പിടിച്ചെടുക്കണം; യോഗി ആദിത്യനാഥിന് കത്തുമായി ബി.ജെ.പി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th December 2024, 7:37 pm

ലഖ്‌നൗ: അയോധ്യയില്‍ മസ്ജിദ് നിര്‍മിക്കാന്‍ നല്‍കിയ ഭൂമി തിരിച്ചു പിടിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ച് ബി.ജെ.പി നേതാവ്. അയോധ്യയില്‍ പള്ളി നിര്‍മിക്കാന്‍ നല്‍കിയ സ്ഥലത്ത് നിലവിൽ പള്ളി നിർമിച്ചിട്ടില്ലെന്ന് വാദിച്ചാണ് ബി.ജെ.പി നേതാവ് രജനീഷ് സിങ് മുഖ്യമന്ത്രിക്ക് കത്ത് അയച്ചത്.

2019 നവംബർ ഒമ്പതിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു ഭിന്നതക്ക് പരിഹാരമെന്നോണം അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം രാമക്ഷേത്രം നിർമിക്കാൻ വിട്ട് കൊടുക്കുകയായിരുന്നു. അവിടെ നൂറ്റാണ്ടുകൾക്ക് മുമ്പ് രാമക്ഷേത്രം നിന്നിരുന്നു എന്നായിരുന്നു തീവ്ര ഹിന്ദുത്വ വാദികളുടെ വാദം.

പകരം നഗരത്തിൽ പള്ളിക്ക് അഞ്ചേക്കർ സ്ഥലം കണ്ടെത്തുമെന്നും വിധിച്ചു. ജില്ലയിലെ ധനിപൂർ പ്രദേശത്ത് സംസ്ഥാന സർക്കാർ അനുവദിച്ച സ്ഥലത്ത് പുതിയ പള്ളി പണിയുന്നതിനായി സുന്നി സെൻട്രൽ വഖഫ് ബോർഡ് പിന്നീട് ഇന്തോ-ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ രൂപീകരിച്ചു. എന്നാൽ രാമക്ഷേത്രം നിർമിച്ച് കഴിഞ്ഞിട്ടും പള്ളിയുടെ തറക്കല്ല് പോലും ഇപ്പോഴും ഇട്ടിട്ടില്ല.

ഈ സാഹചര്യത്തിലാണ് പുതിയ അവകാശവാദവുമായി ബി.ജെ.പി നേതാവ് എത്തിയിരിക്കുന്നത്. മുസ്‌ലിം വിഭാഗത്തിന്റെ ഉദ്ദേശം പള്ളി പണിയലല്ല സാമുദായിക സ്പർധ വളർത്തുകയാണെന്ന് നേതാവ് ആരോപിച്ചു. സുന്നി സെൻട്രൽ വഖഫ് ബോർഡിന് അയോധ്യയിൽ അനുവദിച്ച ഭൂമി മസ്ജിദിൻ്റെ ഉത്തരവാദിത്തപ്പെട്ടവർ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയാനിന്നും നേതാവ് വാദിക്കുന്നുണ്ട്. അതിനാൽ ഭൂമി തിരിച്ച് പിടിക്കണമെന്നാണ് ബി.ജെ.പി നേതാവിന്റെ ആവശ്യം.

 

Content Highlight: No endeavour to build Ayodhya mosque, reclaim land given for it: BJP leader to CM Adityanath