കോട്ടയം: ഉത്സവത്തിന് ആനയെക്കൊണ്ടുവരുന്നതിന് പകരം ആ തുക നിര്‍ധനരായവര്‍ക്ക് വീട് വെക്കാന്‍ മാറ്റിവെച്ച് കൈയടി നേടുകയാണ് കോട്ടയത്തെ കുമരകം ശ്രീകുമാരമംഗലം ക്ഷേത്രക്കമ്മിറ്റി.
ഉത്സവത്തിന് ആനയിടഞ്ഞ് അപകടമുണ്ടാകുന്ന വാര്‍ത്തകള്‍ പതിവായതോടെയാണ് എന്തുകൊണ്ട് ഈ തുക ഒരു സത്കര്‍മത്തിനായി ഉപയോഗിച്ചുകൂടാ എന്ന് ക്ഷേത്രഭാരവാഹികള്‍ ആലോചിച്ചത്.
ഇത്തവണയും ഉത്സവം എല്ലാ പൊലിമയോടും നടത്തുമെങ്കിലും ഇനിയങ്ങോട്ട് ആനകളെ ഉപയോഗിക്കേണ്ടതില്ലെന്നാണ് ദേവസ്വത്തിന്റെ തീരുമാനം.
തങ്കരഥമുള്ള കേരളത്തിലെ ഏകക്ഷേത്രമാണിത്. അതിനാല്‍ എഴുന്നള്ളത്തിന് ആന നിര്‍ബന്ധമില്ലെന്നും ഭാരവാഹികള്‍ പറയുന്നു. മുമ്പ് ഷര്‍ട്ട് ധരിച്ച് ക്ഷേത്രദര്‍ശനം നടത്താമെന്ന് പറഞ്ഞും ഈ ക്ഷേത്രം വ്യത്യസ്തത പുലര്‍ത്തിയിരുന്നു.
ആനയ്ക്ക് വേണ്ടി മാറ്റിവെച്ച പാട്ടതുക മാത്രം വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍ ഇതിനായി പുറമെ നിന്നുള്ളവരുടെ സഹായവും തേടുന്നുണ്ട്. നല്ല തുടക്കമെന്നോണം ദേവസ്വം സെക്രട്ടറി 50,000രൂപ നല്‍കി. നാല് അംഗശാഖകളിലായുള്ള ഏറ്റവും അര്‍ഹരായ കുടുംബത്തിന് വീട് നല്‍കാനാണ് ഉദ്ദേശിക്കുന്നത്.
കഴിഞ്ഞ ദിവസം സമാനമായി ആലിക്കര നവയുഗ പൂരാഘോഷ കമ്മിറ്റിയും ചാലിശ്ശേരി മുലയംപറമ്പത്തുകാവ് പൂരത്തില്‍ നിന്നും ആനയെ ഒഴിവാക്കി മാതൃക സൃഷ്ടിച്ചിരുന്നു.
ആനയെ കൊണ്ടുവരുന്നതിനുള്ള തുക കഴിഞ്ഞവര്‍ഷം ഹൃദയാഘാതം വന്ന് മരിച്ച ആലിക്കര വേങ്ങാട്ടുപറമ്പില്‍ അജിതന്റെ (45) കുടുംബത്തിന് നല്‍കാനാണ് ക്ഷേത്രക്കമ്മിറ്റി തീരുമാനിച്ചത്.
Content Highlight: No elephant for the festival; the money will be given to the poor to build houses; Sree Kumaramangalam Temple Committee wins applause