കൊച്ചി: നേര്യമംഗലത്തെ ആദിവാസികള്‍ക്ക് ഏറെ പ്രതിഷേധങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും ശേഷമാണ് ഒരു തുണ്ട് ഭൂമി പട്ടയം അനുവദിച്ചത്. പട്ടയം അനുവദിച്ച് ഒരു മാസത്തിനകം അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും എന്ന പ്രതീക്ഷയിലായിരുന്നു പ്രദേശവാസികള്‍. എന്നാല്‍ വൈദ്യുതി, വെള്ളം, വഴി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഇവര്‍ക്ക് മുന്നില്‍ നിഷേധിക്കപ്പെട്ടു. തുടര്‍ന്നാണ് ഇവര്‍ പട്ടയം തിരിച്ചുകൊടുത്ത് പ്രതിഷേധിക്കാന്‍ തുടങ്ങിയത്.
വിഷയം വലിയ വാര്‍ത്തയായതോടെ കുടിവെള്ളം എത്തിച്ചിട്ടുണ്ട്. എന്നാല്‍ വൈദ്യുതിയും വഴിയും ഇവിടുത്തുകാര്‍ക്ക് ഇപ്പോഴും അന്യമാണ്. വീട് നിര്‍മ്മിച്ച് വയറിംഗ് അടക്കമുള്ള പണികള്‍ കഴിഞ്ഞിട്ടും പല വീടുകളിലും വൈദ്യുതി എത്തിയിട്ടില്ലെന്ന് പരിസരവാസിയായ ഷിബു ഡൂള്‍ന്യൂസിനോട് പറഞ്ഞു.
“കുടിവെള്ളം എല്ലാ വീട്ടിലും വന്നുകഴിഞ്ഞു. ട്രാന്‍സ്‌ഫോര്‍മര്‍ കൊണ്ടുവച്ചിട്ട് ഒരുകൊല്ലം കഴിഞ്ഞു. വൈദ്യുതി കിട്ടിയിട്ടില്ല. പ്രൊമോട്ടര്‍ ബന്ധപ്പെട്ട രേഖകളുമായി ചെല്ലാന്‍ പറഞ്ഞിരുന്നെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല. ഇതൊക്കെ ഒരു പ്രഹസനമായി തുടരുകയാണ്.”- ഷിബു കൂട്ടിച്ചേര്‍ത്തു.
ഒന്നര വര്‍ഷം മുന്‍പ് കൊണ്ടിട്ട ഇലക്ട്രിക് പോസ്റ്റുകളെല്ലാം കാട്ടുവള്ളി മൂടിക്കിടക്കുന്ന നിലയിലാണ്. ഈ സ്ഥിതിയാണ് ഇനിയും തുടരുന്നതെങ്കില്‍ സമരവുമായി മുന്നോട്ടുപോകാനാണ് ഇവരുടെ തീരുമാനം. ആദി ദ്രാവിഡ സാംസ്‌കാരിക സഭ മധ്യമേഖല സെക്രട്ടറി സോമന്റെ ഇടപെടലിലാണ് സംഭവം വാര്‍ത്തയാകുന്നത്. ഇദ്ദേഹമടക്കമുള്ളവര്‍ പട്ടയം തിരിച്ചുകൊടുത്തിരുന്നു.
“പട്ടയം അനുവദിച്ച് ഒരുമാസത്തിനകം അടിസ്ഥാനസൗകര്യങ്ങള്‍ നല്‍കുമെന്നാണ് അറിയിച്ചത്. എന്നാല്‍ ഒന്നും സംഭവിച്ചില്ല. പിന്നീട് വാര്‍ത്തയായതോടെ അവര്‍ കുടിവെള്ളം അനുവദിച്ചു. എന്നാല്‍ വൈദ്യുതി അടക്കമുള്ളവ ഇപ്പോഴും മുടങ്ങിക്കിടക്കുകയാണ്.”-സോമന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
2017 മാര്‍ച്ച് 24 ന് ഞങ്ങള്‍ 5 പേര് പട്ടയം തിരിച്ച് കൊടുത്ത് പ്രതിഷേധിച്ചു. ഇതിനുശേഷമാണ് കളക്ടര്‍ ഒരുമാസത്തിനകം കുടിവെള്ളവും വെളിച്ചവും എത്തിക്കാന്‍ ഉത്തരവിട്ടത്. ഈ പ്രതിഷേധത്തിന്റെ ഫലമായി പ്രദേശത്ത് ഇലക്ട്രിസിറ്റി പോസ്റ്റും ട്രാന്‍സ്ഫോര്‍മറും കുടിവെള്ള കണക്ഷനുവേണ്ടിയുള്ള പൈപ്പുകളും കൊണ്ടുവന്നു. പട്ടയം തന്ന് ഒരു മാസത്തിനകം അടിസ്ഥാന സൗകര്യങ്ങളൊക്കെ ലഭ്യമാക്കും എന്ന ഉറപ്പ് പാലിക്കപ്പെടുന്നത് ഒരു വര്‍ഷത്തിനുശേഷം ഞങ്ങള്‍ പ്രതിഷേധം സംഘടിപ്പിച്ചപ്പോള്‍ മാത്രമാണ്. -സോമന്‍ കൂട്ടിച്ചേര്‍ത്തു.
ഇത് വാര്‍ത്തയായി ഒരു മണിക്കൂറിനകം കുടിവെള്ളം ചില വീടുകളില്‍ എത്തിത്തുടങ്ങി. എന്നാല്‍ വൈദ്യുതി കണക്ഷന്‍ കൊടുത്തിട്ടില്ല. ഇലക്ട്രിക് പോസ്റ്റുകളെല്ലാം കാട്ടുവള്ളി മൂടിക്കിടക്കുന്ന നിലയിലാണ്. ഈ സ്ഥിതിയാണ് ഇനിയും തുടരുന്നതെങ്കില്‍ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും സോമന്‍ കൂട്ടിച്ചേര്‍ത്തു.
ALSO READ: കുടിവെള്ളം സംരക്ഷിക്കാന്‍ ക്വാറിക്കെതിരെ പോരാടുന്ന ഒരു ഗ്രാമം
2015 മാര്‍ച്ച് മാസത്തിലാണ് ഇവിടുത്തുകാര്‍ സമരം ആരംഭിക്കുന്നത്. നേര്യമംഗലം വില്ലേജ് ഓഫീസില്‍ നിരാഹാരം സമരം നടത്തിയതിനെത്തുടര്‍ന്ന് അവസാനിപ്പിക്കുന്നതിന് വേണ്ടി അവര്‍ മൂന്ന് വികലാംഗര്‍ക്ക് പട്ടയം നല്‍കി. ബാക്കിയുള്ളവര്‍ക്ക് പെട്ടെന്ന് കൊടുക്കാമെന്ന് പറഞ്ഞു എന്നാല്‍ 5-6 മാസം കഴിഞ്ഞിട്ടും അവര്‍ പട്ടയം കൊടുത്തില്ലെന്നും സോമന്‍ പറയുന്നു. വീണ്ടും സമരമായി മുന്നോട്ടുവന്നപ്പോള്‍ മന്ത്രി ഇടപെട്ട് ഒരുമാസത്തിനകം പട്ടയം വിതരണം ചെയ്തു. അതിനുശേഷമാണ് വെള്ളവും വെളിച്ചവും എത്തിക്കാമെന്ന് പറഞ്ഞത്.- സോമന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം പട്ടയം ലഭിച്ചിട്ടുള്ള ചില കുടുംബങ്ങള്‍ക്ക് പാടത്തിനടുത്താണ് സ്ഥലം കിട്ടിയത്. വശങ്ങള്‍ കെട്ടിയില്ലെങ്കില്‍ വീട് വെള്ളത്തിനടിയിലാകും എന്നതും ഇവിടുത്തുകാര്‍ നേരിടുന്നുണ്ട് ഷിബു പറയുന്നു.
“പെരിയാറ്റിലെ വെള്ളം ഇവിടേക്ക് കയറുന്ന പ്രശ്‌നമുണ്ട്. ഇതുകൊണ്ട് വീട് പണിയാന്‍ ബുദ്ധിമുട്ടുണ്ട്. ട്രൈബല്‍ ഡിപ്പാര്‍ട്ടമെന്റ് വീടുപണിയാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. എന്നാല്‍ ഈ സാഹചര്യം നിലനില്‍ക്കെ അവിടെ വീട് പണിതാല്‍ ബുദ്ധിമുട്ടിലാകും. നാലോ അഞ്ചോ കുടുംബങ്ങള്‍ ഈ പ്രശ്‌നം അഭിമുഖീകരിക്കുന്നുണ്ട്. അതേസമയം അവിടെ പാലം വരുമെന്നും കേള്‍ക്കുന്നു. അങ്ങനെയാണെങ്കില്‍ ഈ കുടുംബം പൂര്‍ണ്ണമായും വെള്ളത്തിനടിയിലാകും.”- ഷിബു കൂട്ടിച്ചേര്‍ത്തു.
2016 ല്‍ നേര്യമംഗലത്തെ ആദിവാസി ഗ്രാമം പദ്ധതി പ്രദേശത്ത് സമരം ചെയ്ത പട്ടിക വര്‍ഗ കുടുംബങ്ങള്‍ നാല് വര്‍ഷം മുമ്പ് ഭൂമി കയ്യേറി കുടില്‍ കെട്ടിയിരുന്നു. തുടര്‍ന്ന് നടന്ന നിരാഹാര സമരത്തിന്റെ ഭാഗമായി മൂന്ന് കുടുംബങ്ങള്‍ക്ക് രണ്ട് വര്‍ഷം മുമ്പ് പട്ടയം അനുവദിച്ചു. മറ്റുള്ളവര്‍ പക്ഷേ ഗുണഭോക്തൃ പട്ടികയക്ക് പുറത്തു തന്നെ നിന്നു. ഒടുവില്‍ ഒരു തുണ്ട് ഭൂമിക്ക് വേണ്ടിയുള്ള നിരാഹാര സമരത്തിനൊടുവില്‍ 102 പേര്‍ക്ക് പട്ടയം അനുവദിക്കപ്പെടുകയായിരുന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭൂമി ഇല്ലാത്ത 102 ആദിവാസി കുടുംബങ്ങള്‍ക്കായിരുന്നു പദ്ധതി.