| Friday, 24th February 2023, 6:17 pm

പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തില്ല, നാമനിര്‍ദ്ദേശം തുടരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്. പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയായിരിക്കും അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുക. റായ്പൂരില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ നടന്ന കോണ്‍ഗ്രസ് സ്റ്റീറിങ് കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം.

അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള തീരുമാനം ഐക്യകണ്‌ഠേനയാണെന്നും ഖാര്‍ഗെയുടെ സാരത്ഥ്യത്തെ വിശ്വസിക്കുന്നുവെന്നും തമിഴ്‌നാട്ടില്‍ നിന്നുള്ള അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി അംഗം ദിനേശ് ഗുണ്ടു റാവു പറഞ്ഞു.

പാര്‍ട്ടി സംബന്ധമായ തീരുമാനങ്ങളെടുക്കുന്ന ഉയര്‍ന്ന ബോഡിയാണ് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി. ആകെ 23 അംഗങ്ങളാണ് സി.ഡബ്ല്യു.സിയില്‍ ഉള്ളത്. 25 വര്‍ഷം മുന്‍പാണ് സി.ഡബ്ല്യു.സിയുടെ അവസാന തെരഞ്ഞെടുപ്പ് നടന്നത്.

ഇക്കുറി തെരഞ്ഞെടുപ്പ് നടത്താന്‍ പാര്‍ട്ടി അംഗങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ തെരഞ്ഞെടുപ്പുമാി മുന്നോട്ടു പോകുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്നായിരുന്നു ഭൂരിഭാഗം പേരുടേയും അഭിപ്രായം. ചിദംബരം, അജയ് മാക്കന്‍ തുടങ്ങിയവര്‍ തെരഞ്ഞെടുപ്പിനെ പിന്തുണച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം യോഗത്തില്‍ ഗാന്ധി കുടുംബം പങ്കെടുത്തിട്ടില്ല. മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരിപൂര്‍ണ അധികാരം നല്‍കുന്നതിന്റെ ഭാഗമായാണ് ഗാന്ധി കുടുംബം വിട്ടുനിന്നത് എന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചത്.

വെള്ളിയാഴ്ചയായിരുന്നു കോണ്‍ഗ്രസിന്റെ 85-ാമത് പ്ലീനറി സമ്മേളനം ആരംഭിച്ചത്. ഞായറാഴ്ച സമാപിക്കും.

Content Highlight: No elections will be done for congress working committee says reports

We use cookies to give you the best possible experience. Learn more