ന്യൂദല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന്റെ അംഗത്വം സസ്‌പെന്‍ഡ് ചെയ്ത് ലോക ഗുസ്തി ഫെഡറേഷന്‍. കൃത്യസമയത്ത് തെരഞ്ഞെടുപ്പ് നടത്താത്തതാണ് നടപടിക്ക് പിന്നിലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെരഞ്ഞെടുപ്പ് നടത്താനുള്ള 45 ദിവസത്തെ സമയപരിധി അവസാനിച്ചതോടെയാണ് ലോക ഗുസ്തി ഫെഡറേഷന്‍ ഇന്ത്യക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.
ഗുസ്തി ഫെഡറേഷന്റെ തെരഞ്ഞെടുപ്പ് ജൂണിലായിരുന്നു നടത്തേണ്ടിയിരുന്നത്. എന്നാല്‍ ബി.ജെ.പി എം.പിയും മുന്‍ ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷന്റെ ലൈംഗികാതിക്രമത്തെ തുടര്‍ന്നുള്ള ഗുസ്തി താരങ്ങളുടെ പ്രതിഷേധങ്ങളും വിവിധ സംസ്ഥാന യൂണിറ്റുകളില്‍ നിന്നുള്ള ഹരജികളും കാരണം തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു.
തുടര്‍ന്ന് ഫെഡറേഷന്റെ ഭരണസമിതിയിലേക്കുള്ള 15 സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 12ലേക്ക് മാറ്റി വെച്ചു. അതും നടത്താന്‍ സാധിച്ചിരുന്നില്ല.
അതേസമയം തിങ്കളാഴ്ച ബ്രിജ് ഭൂഷന്റെ അടുത്ത അനുയായിയായ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള സഞ്ജയ് സിങ് ഉള്‍പ്പെടെ നാല് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബ്രിജ് ഭൂഷന്റെ അടുത്ത ആളായ ഛണ്ഡീഗഡ് ഗുസ്തി സംഘടനയിലെ ദര്‍ശന്‍ ലാലിനെ സെക്രട്ടറി സ്ഥാനത്തേക്കും ഉത്തരാഖണ്ഡിലെ എസ്.പി ദേശ്വാളിനെ ട്രഷററായും നോമിനേറ്റ് ചെയ്തു.
നേരത്തെ ബ്രിജ് ഭൂഷന്റെ വിഷയത്തില്‍ ജനുവരിയിലും മെയ്യിലും ഡബ്ല്യു.എഫ്.ഐയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. നിലവില്‍ ഭൂപേന്ദര്‍ സിങ് ബജ്‌വയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ രൂപീകരിച്ച അഡ്-ഹോക്ക് കമ്മിറ്റിയാണ് ഫെഡറേഷന്റെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
തെരഞ്ഞെടുപ്പ് വൈകിയാല്‍ സസ്‌പെന്‍ഡ് ചെയ്യുമെന്ന് ലോക റെസ്‌ലിങ് ഫെഡറേഷന്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍ക്ക് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പതാകകക് കീഴില്‍ മത്സരിക്കാനാകില്ല. ന്യൂട്രല്‍ താരങ്ങളായി മാത്രമേ മത്സരിക്കാന്‍ സാധിക്കുകയുള്ളൂ.
content highlights: No election was held; The membership of the National Wrestling Federation was suspended