'ഒരു സംശയവും വേണ്ട കൊവിഡ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കും' അനുരാഗ് താക്കൂറിനെ തള്ളി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്
national news
'ഒരു സംശയവും വേണ്ട കൊവിഡ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കും' അനുരാഗ് താക്കൂറിനെ തള്ളി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th March 2020, 7:48 pm

ന്യൂദല്‍ഹി: ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ കൊവിഡ് 19 തീര്‍ച്ചായും ബാധിക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി വെങ്കട സുബ്രഹ്മണ്യന്‍

” യു.എസ്.എ, ബ്രസീല്‍, അര്‍ജന്റീന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഷെയര്‍ മാര്‍ക്കറ്റ് തകര്‍ന്നിരിക്കുകയാണ്. കൊറോണ വൈറസിനെത്തുടര്‍ന്ന് മൊത്തത്തില്‍ അനിശ്ചിതത്വമുണ്ട്. ഇത്തരത്തിലുള്ള
അനശ്ചിതാവസ്ഥയുണ്ടാകുമ്പോള്‍ അത് ഷെയര്‍മാര്‍ക്കറ്റില്‍ ഭീതിയുണ്ടാക്കും. ഈ ഒരു അവസ്ഥ തീര്‍ച്ചയായും ഉയര്‍ച്ച താഴ്ച്ചകള്‍ ഉണ്ടാക്കും” സുബ്രഹ്മണ്യന്‍ എ.എന്‍.ഐയോട് പറഞ്ഞു.

” നിലവിലെ അവസ്ഥ പരിശോധിക്കേണ്ടതുണ്ട്. ഏപ്രില്‍വരെ സമ്പദ് വ്യവസ്ഥ താഴോട്ട് പോകുമെന്നാണ് എന്റെ നിഗമനം,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

” ഒരു സംശയവും വേണ്ട ഇത് സമ്പദ് വ്യവസ്ഥയെ തീര്‍ച്ചയായും ബാധിക്കും. ആളുകള്‍ റെസ്റ്റോറന്റില്‍ പോകുന്നത് നിര്‍ത്തി. മാളില്‍ പോകുന്നില്ല. ഈ ഒരു അവസ്ഥ കഴിയുമ്പോള്‍ മാത്രമേ എത്രമാത്രം ഇത് ബാധിച്ചുവെന്ന് വിലയിരുത്താന്‍ പറ്റൂ. കൊറോണ വൈറസ് ഉണ്ടാക്കിയ അനിശ്ചിതത്വം സ്‌റ്റോക്ക് മാര്‍ക്കറ്റിലുമുണ്ട്”, അദ്ദേഹം പറഞ്ഞു.

അതേസമയം, കൊവിഡ് 19 ഒരുതരത്തിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിച്ചിട്ടില്ലെന്ന വാദവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ രംഗത്തെത്തിയിരുന്നു.

വ്യാപാരത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ ഡാറ്റയും ആഭ്യന്തര ഉല്‍പാദനത്തിന്റെ സൂചകങ്ങളും സമ്പദ് വ്യവസ്ഥയെ ബാധിച്ചതായി പറയുന്നില്ല എന്നാണ് അനുരാഗ് താക്കൂര്‍ പറഞ്ഞത്.

കൊവിഡ് 19 നെത്തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണ വിലകുറഞ്ഞ സാഹചര്യത്തില്‍ ഇന്ത്യയെ ഗുണകരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നും താക്കൂര്‍ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ