| Wednesday, 14th October 2020, 11:47 am

'ഒരു സംശയവുമില്ല വലിയ നേട്ടം തന്നെ'; രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്കെന്ന ഐ.എം.എഫ് റിപ്പോര്‍ട്ടില്‍ പ്രശാന്ത് ഭൂഷണും രാഹുലും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജി.ഡി.പി 10.3 ശതമാനം കുറയുമെന്നും ആളോഹരി വരുമാനത്തില്‍ ബംഗ്ലാദേശിനേക്കാള്‍ താഴെയാകും ഇന്ത്യയുടെ സ്ഥാനമെന്നുമുള്ള ഐ.എം.എഫ് വിലയിരുത്തലില്‍ പ്രതികരണവുമായി സാമൂഹ്യ പ്രവര്‍ത്തകനും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍.

‘ഒരു സംശയവുമില്ല വലിയ നേട്ടം തന്നെയെന്നാണ്’ എന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ പ്രസ്തുത റിപ്പോര്‍ട്ട് ഷെയര്‍ ചെയ്തുകൊണ്ട് ട്വിറ്ററില്‍ പ്രതികരിച്ചത്.

ബി.ജെ.പിയുടെ വിദ്വേഷം നിറഞ്ഞ സാംസ്‌കാരിക ദേശീയതയുടെ 6 വര്‍ഷത്തെ സുദൃഢമായ നേട്ടമാണ് ഇതെന്നും ഇന്ത്യയെ ബംഗ്ലാദേശ് മറികടക്കുന്നു എന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പ്രതികരിച്ചത്. ബി.ജെ.പി സര്‍ക്കാരിനെ പരിഹസിച്ചുകൊണ്ട് കൈയ്യടിച്ചുകൊണ്ടാണ് ഈ റിപ്പോര്‍ട്ട് രാഹുല്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.

കൊവിഡും തുടര്‍ന്നുണ്ടായ ലോക്ഡൗണും മൂലം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ 10.3 ശതമാനത്തിന്റെ ഇടിവുണ്ടായെന്നാണ് ഐ.എം.എഫ് വ്യക്തമാക്കിയിരിക്കുന്നത്. വികസ്വര രാജ്യങ്ങളില്‍ ഏറ്റവും വലിയ തകര്‍ച്ചയെ അഭിമുഖീകരിക്കുക ഇന്ത്യയാവുമെന്നും സ്വാതന്ത്രത്തിന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് രാജ്യം കൂപ്പുകുത്തുമെന്നും ഐ.എം.എഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കൊവിഡിന് മുമ്പ് തന്നെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലായിരുന്നു. കൊവിഡും തുടര്‍ന്ന് ലോക്ഡൗണും വന്നതോടെ രാജ്യം വലിയ പ്രതിസന്ധിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് ഐ.എം.എഫ് അറിയിക്കുന്നത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജി.ഡി.പിയില്‍ 10.3 ശതമാനത്തിന്റെ കുറവാണുണ്ടാകുക. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ തകര്‍ച്ചയാണ് ഇതെന്നും ഐ.എം.എഫ് അറിയിച്ചു.

അടുത്ത വര്‍ഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 8.8 ശതമാനം നിരക്കില്‍ വളരുമെന്നും ഐ.എം.എഫ് പ്രവചിക്കുന്നു. ഐ.എം.എഫിന്റെ പ്രവചനമനുസരിച്ച് വികസ്വര രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടിയുണ്ടാകുക ഇന്ത്യക്കാകും. ബ്രസീല്‍-5.8, റഷ്യ-4.4, ദക്ഷിണാഫ്രിക്ക-8.0 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളില്‍ പ്രതീക്ഷിക്കുന്ന ഇടിവ്. അതേസമയം, ചൈനീസ് സമ്പദ്‌വ്യവസ്ഥ 1.9 ശതമാനം നിരക്കില്‍ വളരുമെന്നും ഐ.എം.എഫ് പ്രവചിക്കുന്നു.

ഈ വര്‍ഷം ബംഗ്ലാദേശിന്റെ ആളോഹരി വരുമാനം നാലു ശതമാനം വര്‍ധിച്ച് 18.88 ഡോളറാകും. ഇന്ത്യയുടേതു 10.5 ശതമാനം കുറഞ്ഞ് 18.77 ഡോളറിലെത്തും.

കഴിഞ്ഞ അഞ്ചു വര്‍ഷം ഇന്ത്യയുടെ ആളോഹരി വരുമാനം പ്രതിവര്‍ഷം 3.2 ശതമാനം നിരക്കില്‍ മാത്രമേ കൂടിയുള്ളൂ. ബംഗ്ലാദേശിന്റേത് 9.1 ശതമാനം നിരക്കില്‍ വര്‍ധിച്ചു. റിസര്‍വ് ബാങ്ക് പറഞ്ഞതിലും മോശമാകും ഇന്ത്യയുടെ ഇക്കൊല്ലത്തെ വളര്‍ച്ചയെന്നും ഐ.എം.എഫ് പറഞ്ഞു.
റിസര്‍വ് ബാങ്ക് 9.5 ശതമാനവും ലോകബാങ്ക് 9.6 ശതമാനവും ഇടിവ് പ്രവചിച്ച സ്ഥാനത്താണ് ഐ.എം.എഫ് 10.3 ശതമാനം തകര്‍ച്ച പ്രവചിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: No doubt a huge achievement, Prashant Bhushan On India GDP

We use cookies to give you the best possible experience. Learn more