കര്‍ണാടക കോണ്‍ഗ്രസിലെ തര്‍ക്കങ്ങളെല്ലാം ഞങ്ങള്‍ പരിഹരിച്ചു; മുഖ്യമന്ത്രി പദത്തിനായി ഇനിയൊരു മത്സരവും ഉണ്ടാവില്ല: കെ.സി. വേണുഗോപാല്‍
national news
കര്‍ണാടക കോണ്‍ഗ്രസിലെ തര്‍ക്കങ്ങളെല്ലാം ഞങ്ങള്‍ പരിഹരിച്ചു; മുഖ്യമന്ത്രി പദത്തിനായി ഇനിയൊരു മത്സരവും ഉണ്ടാവില്ല: കെ.സി. വേണുഗോപാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th April 2023, 1:09 pm

 

ബെംഗളൂരു: ബി.ജെ.പി ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യം വലിയ വെല്ലുവിളികള്‍ നേരിടുകയാണെന്നും അതിനാല്‍ തന്നെ കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് മാത്രമല്ല, രാജ്യത്തിന് തന്നെ പ്രധാനപ്പെട്ടതാണെന്നും കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.

കര്‍ണാടക കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചെന്നും മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ മത്സരങ്ങളൊന്നുമില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് വേണുഗോപാല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഞങ്ങള്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചു. മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് മത്സരങ്ങളൊന്നും തന്നെ നിലനില്‍ക്കുന്നില്ല. മുഖ്യമന്ത്രിയാകണമെന്ന് നേതാക്കള്‍ ആഗ്രിഹിക്കുന്നതില്‍ തെറ്റൊന്നും പറയാനാകില്ല. ഞങ്ങള്‍ക്ക് അതില്‍ കൃത്യമായ നിലപാടും നടപടിക്രമങ്ങളുമുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം എം.എല്‍.എമാരുടെ അഭിപ്രായങ്ങള്‍ പരിഗണിക്കും. ഹൈക്കമാന്‍ഡായിരിക്കും വിഷയത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക,’ വേണുഗോപാല്‍ പറഞ്ഞു.

കര്‍ണാടകയില്‍ ബി.ജെ.പിയുടെ അഴിമതി ഭരണം കൊണ്ട് ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും കോണ്‍ഗ്രസിന് വിജയം നേടാനുള്ള സകല സാധ്യതകളും അവിടെയുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു. കര്‍ഷകരും, വിദ്യാര്‍ത്ഥികളും യുവജനങ്ങളുമുള്‍പ്പെടെ എല്ലാ വിഭാഗം ജനങ്ങളും അഴിമതി ഭരണത്തില്‍ അസ്വസ്ഥരാണെന്നും തൊഴിലില്ലായ്മയും വിലക്കയറ്റവും ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

ബി.ജെ.പിയാണ് പ്രധാന എതിരാളിയെന്നും സി.ബി.ഐ, ഇ.ഡി തുടങ്ങിയ ഏജന്‍സികളെ ഉപയോഗിച്ച് കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളെ ലക്ഷ്യമിടുകയാണെന്നും വേണുഗോപാല്‍ ആരോപിച്ചു. ജുഡീഷ്യറിയെയും സമ്മര്‍ദ്ദത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അതിനാല്‍ പ്രതിപക്ഷ ഐക്യം ആവശ്യമാണെന്നാണ് ഭൂരിഭാഗം പാര്‍ട്ടികളും ആഗ്രഹിക്കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.

ഈ മാസം അവസാനത്തോട് കൂടി പ്രതിപക്ഷ കക്ഷികളുടെ യോഗമുണ്ടാകുമോ എന്ന ചോദ്യത്തിന് അതുമായി ബന്ധപ്പെട്ട് കൃത്യമായ ഒരു തിയതി പറയാനാകില്ലെന്നും എന്നാല്‍ ഉടന്‍ തന്നെ അത് സംഭവിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ നിലപാടുകളെ ബാധിക്കാത്ത സാഹചര്യമാണുള്ളതെങ്കില്‍ രാജ്യ താത്പര്യത്തെ മുന്‍നിര്‍ത്തി പ്രതിപക്ഷ ഐക്യത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

Comtent Highlights: No dispute in Karnataka congress over CM post: KC Venugopal