| Monday, 16th April 2018, 10:47 am

സമരം അവസാനിപ്പിക്കാതെ ചര്‍ച്ച വേണ്ട; ഡോക്ടര്‍മാരുടെ സമരത്തെ കര്‍ശനമായി നേരിടാന്‍ ആരോഗ്യമന്ത്രിയോട് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ നടത്തുന്ന അനിശ്ചിതകാല സമരം നേരിടാന്‍ സര്‍ക്കാര്‍. സമരം അവസാനിപ്പിക്കാതെ ഡോക്ടര്‍മാരുമായി ചര്‍ച്ചക്കില്ലെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. സമരത്തെ നേരിടാന്‍ ആരോഗ്യമന്ത്രിയ്ക്ക് മന്ത്രിസഭ അനുമതി നല്‍കി.

ഡോക്ടര്‍മാരുടെ സമരത്തിനുനേരെ തല്‍ക്കാലം എസ്മ പ്രയോഗിക്കേണ്ടെന്നും അല്ലാതെ തന്നെ സമരക്കാരെ നേരിടണമെന്നുമാണ് മന്ത്രിസഭാ നിര്‍ദ്ദേശം. ജനകീയ ഇടപെടലിലൂടെ സമരത്തെ നേരിടണമെന്നും സര്‍ക്കാര്‍ തീരുമാനിച്ചു.

യുവജന സംഘടനകളെയും എല്‍.ഡി.എഫ് പ്രവര്‍ത്തകരെയും രംഗത്തിറക്കാനും ആലോചനയുണ്ട്. നോട്ടീസ് നല്‍കാതെയുള്ള സമരം അംഗീകരിക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. വേണ്ടിവന്നാല്‍ പൊലീസിനേയും രംഗത്തിറക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.


Also Read:  രാമക്ഷേത്ര നിര്‍മാണം ഉടന്‍ ആരംഭിക്കും; ഹിന്ദു സമൂഹത്തിന് ഒന്നും അസാധ്യമല്ലെന്നും വിശ്വ ഹിന്ദു പരിഷത്ത്


അതേസമയം ചര്‍ച്ച വേണ്ടെന്ന നിലപാട് സര്‍ക്കാരിന്റെ അഹങ്കാരത്തെയാണ് സൂചിപ്പിക്കുന്നതെന്ന് കെ.ജി.എം.ഒ.എ പറഞ്ഞു.

നാലുദിവസമായി സംസ്ഥാനത്ത ആരോഗ്യമേഖലയെ സമരം സാരമായി ബാധിച്ചിട്ടുണ്ട്. പലയിടങ്ങളിലും സ്പെഷ്യാലിറ്റി ഒ.പി മുടങ്ങി.

ഡ്യൂട്ടി സമയം വര്‍ധിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് അപ്രതീക്ഷിതമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. സംസ്ഥാനങ്ങളിലെ ചില ആശുപത്രികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റിയിരുന്നു. ഇവിടങ്ങളില്‍ മൂന്നു ഡോക്ടര്‍മാരെ വീതം നിയമിക്കുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷം ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് സമരം. ഉച്ചയ്ക്ക് ശേഷം ഒ.പി ഡ്യൂട്ടിയെടുക്കാന്‍ പല ഡോക്ടര്‍മാരും തയ്യാറാകുന്നില്ല.


Also Read:  ഉന്നാവോ ബലാത്സംഗക്കേസ്; എം.എല്‍.എയ്‌ക്കെതിരെ മൊഴികൊടുക്കരുതെന്ന ഭീഷണിയുമായി ബി.ജെ.പി പ്രവര്‍ത്തകര്‍


സമരത്തിനെതിരെ ജനങ്ങളുടെ ഭാഗത്തുനിന്നും പ്രതിഷേധം ഉയരുന്നുണ്ട്. സര്‍ക്കാര്‍ വിഷയത്തില്‍ നടപടിയെടുക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ നടപടികള്‍ ഉണ്ടായാല്‍ കൂട്ട രാജിയെന്നാണ് സമരം നടത്തുന്ന ഡോക്ടര്‍മാര്‍ ഭീഷണി മുഴക്കുന്നത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more