| Wednesday, 26th January 2022, 12:01 pm

ലോകായുക്ത ഓര്‍ഡിനന്‍സ് വിഷയത്തില്‍ ഇടതുമുന്നണിയില്‍ ചര്‍ച്ച നടന്നില്ല: കാനം രാജേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനനന്‍സ് സംബന്ധിച്ച് ഇടതുമുന്നണിയില്‍ മതിയായ ചര്‍ച്ച നടന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

നിയമസഭ ചേരാന്‍ ഒരു മാസം മാത്രം ശേഷിക്കേ ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നും കാനം പറഞ്ഞു.

ലോകായുക്ത ഓര്‍ഡിനന്‍സായി കൊണ്ടുവരാനുള്ള നീക്കമാണ് വിവാദത്തിന് കാരണം. ബില്ലായി അവതരിപ്പിച്ചെങ്കില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാമായിരുന്നു എന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ലോകായുക്ത മറ്റു സംസ്ഥാനങ്ങള്‍ ചിന്തിക്കും മുമ്പ് കേരളം കൊണ്ടുവന്നതാണെന്നും ലോകായുക്ത 12 ഉം 14 ഉം വകുപ്പുകള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോകായുക്ത നിയമഭേദഗതിയില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു.

ലോകായുക്തയിലെ സെക്ഷന്‍ 14 ലാണ് ചട്ടലംഘനം നടത്തിയാല്‍ പദവിയില്‍ നിന്നും പുറത്താക്കാന്‍ അധികാരികള്‍ നിര്‍ബന്ധിതരാകുന്നത്. അതിനുമുകളില്‍ അപ്പീല്‍ അധികാരമില്ലെന്നതാണ് പ്രശ്നം. അപ്പീല്‍ അധികാരമില്ലാത്ത വകുപ്പ് നല്‍കിയത് ഭരണഘടനയുടെ 164 അനുഛേദത്തിന് വിരുദ്ധമാണെന്നാണ് അഡ്വക്കേറ്റ് ജനറല്‍ ചൂണ്ടിക്കാട്ടിയത്. അതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചതെന്നുമാണ് കോടിയേരി പറഞ്ഞിരുന്നത്.

അതേസമയം, ലോകായുക്തയുടെ ചിറകരിഞ്ഞ് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും അഴിമതിക്കേസുകളില്‍ നിന്നു രക്ഷപ്പെടാന്‍ കാട്ടുന്ന വ്യഗ്രത ഞെട്ടിപ്പിച്ചെന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞത്.

ലോകായുക്തയുടെ പിടിവീഴുമെന്ന് ഉറപ്പായപ്പോഴാണ് അതിനെ തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചതെന്നും നിയമസഭ ചേരാനിരിക്കെ സഭയെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ ലോകായുക്തയെ ഇല്ലാതാക്കുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Content Highlights: No discussion on Lokayukta ordinance in Left Front: Kanam Rajendran

We use cookies to give you the best possible experience. Learn more