എം.ആര്‍ മുരളിയുടെ മടങ്ങിവരവ് ഇപ്പോള്‍ പാര്‍ട്ടിയുടെ അജണ്ടയിലില്ല: എ.കെ ബാലന്‍
Kerala
എം.ആര്‍ മുരളിയുടെ മടങ്ങിവരവ് ഇപ്പോള്‍ പാര്‍ട്ടിയുടെ അജണ്ടയിലില്ല: എ.കെ ബാലന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th June 2013, 7:32 pm

[]പാലക്കാട്: ജനകീയ വികസന സമിതി നേതാവ് എം.ആര്‍ മുരളിയുടെ പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവ് ഇപ്പോള്‍ അജണ്ടയിലില്ലെന്ന് സി.പി.ഐ.എം നേതാവ് എ.കെ ബാലന്‍.

ഷൊര്‍ണൂര്‍  നഗരസഭയുമായി ബന്ധപ്പെട്ട് സി.പി.ഐ.എം നിലപാട് ഈ മാസം 12 ന് ചേരുന്ന പാര്‍ട്ടീ യോഗത്തില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.[]

കോണ്‍ഗ്രസിന്റെ പിന്തുണയോടെ യായിരുന്നു ഇതുവരെ ഷെര്‍ണ്ണൂര്‍ നഗരസഭ ജനകീയ വികസന സിമിതി ഭരിച്ചിരുന്നത്. എന്നാല്‍ ഈ പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ച സാഹചര്യത്തിലാണ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജി വെക്കാന്‍ അദ്ദേഹം ഒരുങ്ങുന്നത്.

കോണ്‍ഗ്രസ് പിന്തുണയോടെ നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്ത് രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ എം.ആര്‍ മുരളി അധ്യക്ഷ പദവി മുന്‍ ധാരണ പ്രകാരം കോണ്‍ഗ്രസിന് കൈമാറാന്‍ തയാറായിരുന്നില്ല. ഇതേ തുടര്‍ന്നാണ്  മുരളിക്കുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ചത്.

എം.ആര്‍ മുരളി സി.പി.ഐ.എമ്മിലേക്ക് തന്നെ തിരികെ പോകുമെന്ന വാര്‍ത്തകളും ഇതിനിടെ പ്രചരിച്ചിരുന്നു. സി.പി.ഐ.എമ്മിനേയും, പാര്‍ട്ടി സെക്രട്ടറിയേയും പുകഴ്ത്തി കൊണ്ട് അദ്ദേഹം രംഗത്ത് വരികയും ചെയ്തിരുന്നു.

പാര്‍ട്ടിയിലേക്ക് മടങ്ങി വരുന്നതിനെ  പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും നേരത്തെ സ്വാഗതം ചെയ്തിരുന്നു.

ഷൊര്‍ണൂര്‍ നഗരസഭാ അധ്യക്ഷ സ്ഥാനത്ത് നി്ന്ന് അടുത്ത തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ രാജി വെക്കുമെന്ന് എം.ആര്‍ മുരളി അറിയിച്ചു. ജനകീയ വികസന സമിതിയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളും രാജിവെക്കുമെന്ന സൂചനയും നിലനില്‍ക്കുന്നുണ്ട്.