| Wednesday, 2nd January 2013, 12:30 pm

സി.പി.ഐ.എം-സി.എം.പി ലയനം വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ല: കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: സി.പി.ഐ.എം-സി.എം.പി ലയന വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് പ്രതിപക്ഷ ഉപനേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷണന്‍. സി.എം.പിയെ എല്‍.ഡി.എഫില്‍ ചേര്‍ക്കുന്ന കാര്യം പരിഗണനയിലില്ലെന്നും കോടിയേരി പറഞ്ഞു.[]

രണ്ട് പാര്‍ട്ടികള്‍ ലയിക്കുന്നത് തീരുമാനിക്കേണ്ടത് ആ പാര്‍ട്ടികളാണ്. ഇതുവരെ അത്തരമൊരു ചര്‍ച്ച നടന്നിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

തെറ്റുകള്‍ തിരുത്തിയാല്‍ സി.എം.പിക്ക് എല്‍.ഡി.എഫിലേക്ക് സ്വാഗതമെന്ന് കഴിഞ്ഞ ദിവസം ആര്‍.എസ്.പി നേതാവ് ടി.ജെ ചന്ദ്രചൂഢന്‍ പറഞ്ഞിരുന്നു.

ലയനവാര്‍ത്ത സി.എം.പി നേതാവ് എം.വി രാഘവന്‍ നിഷേധിച്ചിട്ടുണ്ടെങ്കിലും സി.എം.പിയിലെ ഒരു വിഭാഗം സി.പി.ഐയില്‍ ചേരാന്‍ പോകുന്നതായി ഇപ്പോഴും വാര്‍ത്തകളുണ്ട്. അതിനിടയിലാണ് കോടിയേരിയുടെ പുതിയ പരാമര്‍ശം.

സി.എം.പി സംസ്ഥാന സെക്രട്ടറി എം.വി.രാഘവന്‍ സി.പി.ഐ നേതാവ് കാനം രാജേന്ദ്രനുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. സി.പി.ഐയും സി.എം.പിയും തമ്മില്‍ രാഷ്ട്രീയ ഐക്യത്തിന് വഴിയൊരുങ്ങുന്നതാവും ചര്‍ച്ചയെന്ന് സൂചനയുണ്ടായിരുന്നു.

എന്നാല്‍ സി.പി.ഐ സി.എം.പി ലയനമെന്ന ലക്ഷ്യം തല്‍ക്കാലം മുന്നിലില്ലെന്ന് അന്നേ നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. യു.ഡി.എഫുമായി പ്രശ്‌നങ്ങളുണ്ടെന്നതിന്റെ അര്‍ത്ഥം എല്‍.ഡി.എഫിലേക്ക് ചേക്കേറുകയെന്നല്ലെന്നും എം.വി.ആര്‍ വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more