| Monday, 26th August 2024, 11:11 am

ബംഗ്ലാദേശില്‍ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനമില്ല: മുഹമ്മദ് യൂനുസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ധാക്ക: ബംഗ്ലാദേശില്‍ പൗരന്‍മാരോട് മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ വിശ്വാസത്തിന്റെയോ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കാറില്ലെന്ന് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. ശ്രീകൃഷ്ണജന്മാഷ്ടമിയുമായി ബന്ധപ്പെട്ട ദേശീയ അവധിക്ക് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

‘പൗരന്‍മാര്‍ വ്യത്യസ്ത മതം, രാഷ്ട്രീയം മുതലായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിന്റെ പേരില്‍ ഞങ്ങള്‍ അവരോട് വിവേചനം കാണിക്കാറില്ല. രാജ്യത്തെ എല്ലാ അംഗങ്ങളെയും ഒരു കുടുംബമായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.മത ന്യൂനപക്ഷങ്ങള്‍, ഗോത്രങ്ങള്‍, മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ തുടങ്ങിയവരെല്ലാം പുതിയ ബംഗ്ലാദേശില്‍ തുല്ല്യ അവകാശങ്ങളുള്ള പൗരന്‍മാരായിരിക്കും,’ ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തില്‍ മുഹമ്മദ് യൂനുസ് പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്കും സാധാരണക്കാര്‍ക്കും നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്നും മുഹമ്മദ് യൂനുസ് പറഞ്ഞു. ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന സര്‍ക്കാരില്‍ നിന്നും ജനങ്ങള്‍ക്കുണ്ടായ പ്രയാസങ്ങള്‍ താന്‍ നയിക്കുന്ന ഇടക്കാല സര്‍ക്കാരില്‍ നിന്നുമുണ്ടാവില്ല എന്നും മുഹമ്മദ് യൂനുസ് പറഞ്ഞു.

ബംഗ്ലാദേശ് സര്‍ക്കാരിനായുള്ള തെരഞ്ഞെടുപ്പ് രാഷ്ട്രീയ കൂടിയാലോചനകള്‍ക്ക് ശേഷം ഉണ്ടാവുമെന്നും അതുവരെ രാജ്യത്തെ ഇടക്കാല സര്‍ക്കാര്‍ നയിക്കുമെന്നും മുഹമ്മദ് യൂനുസ് പറഞ്ഞു. കൂടാതെ ജനങ്ങള്‍ സംയമനം പാലിക്കണമെന്നും ഇതുവരെ രാജ്യത്തെ ജനങ്ങള്‍ നേരിട്ട പ്രയാസങ്ങളെല്ലാം പരിഹരിക്കുമെന്നും യൂനുസ് പറഞ്ഞു. നിരവധി പ്രശ്‌നങ്ങളിലൂടെയാണ് രാജ്യം പോവുന്നതെന്നും സമാധാനപാലനത്തിനുവേണ്ടി ജനങ്ങളും പ്രവര്‍ത്തിക്കണമെന്നും യൂനിസ് കൂട്ടിച്ചേര്‍ത്തു.

അയല്‍സംസ്ഥാനങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയും എല്ലാ രാജ്യങ്ങളുമായി സൗഹൃദബന്ധം നിലനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. പരസ്പര വിശ്വാസത്തിലൂടെയും സഹകരണത്തിലൂടെയുമായിരിക്കും രാജ്യത്തിന്റെ വിദേശനയമെന്നും യൂനുസ് പറഞ്ഞു.

ഷെയ്ഖ് ഹസീന സര്‍ക്കാരിന്റെ പതനത്തിനുശേഷം ഇടക്കാല സര്‍ക്കാരിന്റെ ചുമതല ഏറ്റെടുത്ത മുഹമ്മദ് യൂനുസ് രണ്ടാം തവണയാണ് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്.

Content Highlight: no discrimination on the basis of religion in bangladesh: muhmmed yunus

We use cookies to give you the best possible experience. Learn more