ന്യൂദല്‍ഹി: ഉപഭോക്താക്കളുടെ ഫോണിന് അടിസ്ഥാനമാക്കി നിരക്കുകള്‍ നിശ്ചയിച്ചിട്ടില്ലെന്ന് ക്യാബ് അഗ്രഗേറ്റര്‍മാരായ ഊബറും ഒലയും. വ്യത്യസ്ത ഫോണുകളില്‍ നിന്നും ഒലയിലും യൂബറിലും ബുക്ക് ചെയ്യുമ്പോള്‍ വ്യത്യസ്ത നിരക്ക് ലഭിക്കുന്ന വിഷയത്തില്‍ ഉപഭോക്തൃകാര്യ മന്ത്രാലയം നേരത്തെ വിശദീകരണം തേടിയതിന്റെ പിന്നാലെയാണ് യൂബറിന്റെയും ഒലയുടെയും പ്രതികരണം.
ഫോണുകള്‍ക്ക് അനുസരിച്ച് നിരക്കുകള്‍ നിശ്ചയിച്ചിട്ടില്ലെന്നും ഉന്നയിക്കപ്പെട്ട പ്രശ്‌നവുമായി സംബന്ധിച്ച തെറ്റിദ്ധാരണകള്‍ പരിഹരിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും കമ്പനികള്‍ അറിയിച്ചു.
തങ്ങളുടെ എല്ലാ ഉപയോക്താക്കള്‍ക്കും ഏകീകൃത വിലനിര്‍ണയ ഘടനയുണ്ടെന്നും ഒരേ റൈഡുകള്‍ക്കായി ഉപയോക്താവിന്റെ ഫോണിന്റെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ വരുത്താറില്ലെന്നും കമ്പനികള്‍ പ്രതികരിച്ചു.
തങ്ങള്‍ ഉപഭോക്തൃകാര്യ മന്ത്രാലയത്തോട് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇക്കാര്യത്തിലുണ്ടായ തെറ്റിധാരണകള്‍ മാറ്റാന്‍ മന്ത്രാലയവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
അതേസമയം ഫുഡ് ഡെലിവറി, ഓണ്‍ലൈന്‍ ടിക്കറ്റിങ് പോര്‍ട്ടലുകള്‍ എന്നില ഫോണുകള്‍ക്കടിസ്ഥാനമായി വില നിശ്ചയിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചതായി ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
നേരത്തെ ഉപഭോക്താവ് ഐഫോണാണോ ആന്‍ഡ്രോയിഡാണോ ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ച് ഒരേ സേവനത്തിന് രണ്ട് കമ്പനികളും വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉപഭോക്തൃ കാര്യ മന്ത്രാലയം കമ്പനികള്‍ക്ക് നോട്ടീസ് അയച്ചത്.
വില നിര്‍ണയരീതികള്‍ വിശദീകരിക്കാനും ആശങ്കകള്‍ പരിഹരിക്കാനും ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. വില നിര്‍ണയിക്കുമ്പോള്‍ സുതാര്യതയും ന്യായവും ഉറപ്പാക്കണമെന്നും വിശദമായ മറുപടി നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
യൂബറില്‍ ഓരേ യാത്രയ്ക്ക് വ്യത്യസ്ത ഫോണുകളില്‍ നിന്നും ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്നത് വ്യത്യസ്ത നിരക്കെന്ന് കാണിച്ച് നേരത്തെ എക്‌സ് പോസ്റ്റ് വന്നിരുന്നു. പിന്നാലെ സംഭവം സോഷ്യല്‍ മീഡിയയിലൂടെ ചര്‍ച്ചയാവുകയും മന്ത്രാലയം വിശദീകരണം തേടുകയുമായിരുന്നു.
Content Highlight: No different rates are charged when booking from iOS and Android for the same journey; Uber and Ola with exposure