| Tuesday, 12th December 2017, 4:18 pm

'ബംഗാളിന്റെ സംസ്‌കാരമതല്ല'; രാജസ്ഥാനില്‍ സംഭവിച്ചത് ബംഗാളില്‍ ആയിരുന്നെങ്കില്‍ കുറ്റവാളിയെയും ജീവനോടെ കത്തിക്കുമെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മമത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: രാജസ്ഥാനില്‍ സംഭവിച്ചത് ബംഗാളില്‍ ആയിരുന്നെങ്കില്‍ ചെയ്തയാളെയും അതുപോലെ കത്തിക്കുമെന്ന തൃണമുല്‍ കോണ്‍ഗ്രസ്സ് നേതാവിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് മമത ബാനര്‍ജി. കഴിഞ്ഞ ദിവസം കന്‍കസ ജില്ലയില്‍ നടത്തിയ പൊതുസമ്മേളനത്തിലായിരുന്നു കുറ്റവാളിയെയും കത്തിക്കുമെന്ന പ്രസ്താവനയുമായി ബംഗാള്‍ മന്ത്രി രംഗത്തെത്തിയത്.

മന്ത്രിക്കെതിരെ രംഗത്തെത്തിയ മമത ബംഗാളിന്റെ സംസ്‌കാരമതെല്ലെന്നും എല്ലാവരും നമ്മുടെ സഹോദരങ്ങളാണെന്നും പറഞ്ഞു. മേലാല്‍ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ഉപയോഗിക്കരുതെന്നമുന്നറിയിപ്പും മുഖ്യമന്ത്രി മന്ത്രിക്ക നല്‍കി.

ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും ബംഗാളില്‍ ഒരേ സ്ഥാനമാണുള്ളത്. രാജസ്ഥാനില്‍ നഷ്ടപ്പെട്ടത് ബംഗാളി പൗരന്റെ ജീവനാണ്. എല്ലാ മതവിഭാഗങ്ങളെയും ഒരുപോലെ സ്വീകരിക്കുന്നവരാണ് ബംഗാളികള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.

ഭരണകക്ഷിയായ ബി.ജെ.പി പാര്‍ട്ടി രഹസ്യ അജന്‍ഡ നിലനിര്‍ത്തികൊണ്ട് രാജ്യത്തെ വിഘടവാദികള്‍ക്ക് വിട്ടുനല്‍കുകയാണെന്നും അവര്‍ പറഞ്ഞു. കപട പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളാണ് ബി.ജെ.പി അടക്കമുള്ള നേതാക്കളെന്നും അത്തരം ദുര്‍പ്രചരണങ്ങള്‍ പ്രചരിപ്പിക്കുന്ന് രീതി ബി.ജെ.പി നിര്‍ത്തണമെന്നും മമത പറഞ്ഞു.

ബംഗാളില്‍ എത്തുന്ന എല്ലാവരും ഞങ്ങള്‍ക്ക് അതിഥികളാണ്. രാജസ്ഥാനില്‍ നിന്നുള്ളവരെ സംസ്ഥാനത്ത് കയറ്റാതിരിക്കാന്‍ കഴിയില്ല എന്ന തീരുമാനം എടുക്കാന്‍ ഒരിക്കലും ബംഗാള്‍ സമൂഹത്തിന് കഴിയില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു. അതേസമയം മമതയുടെ ആരോപണത്തിന് മറുപടിയുമായി ബി.ജെ.പി വക്താവ് ദിലിപ് ഘോഷ് രംഗത്തെത്തി. മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്നവരില്‍ കൂടുതല്‍ പേരും ബംഗാളില്‍ നിന്നാണ്. സ്വന്തം ജനങ്ങള്‍ തൊഴിലന്വേഷിച്ച് പുറത്തുപോകാനുള്ള കാരണം എന്താണെന്ന് മമത മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more