| Wednesday, 22nd August 2012, 8:46 am

ഡീസല്‍, എല്‍.പി.ജി, മണ്ണെണ്ണ വിലനിയന്ത്രണം നീക്കില്ലെന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഡീസല്‍, എല്‍.പി.ജി, മണ്ണെണ്ണ എന്നിവയുടെ വിലനിയന്ത്രണം നീക്കാന്‍ തത്കാലം ആലോചനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. നിലവില്‍ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും പെട്രോളിയം പ്രകൃതിവാതക സഹമന്ത്രി ആര്‍. പി. എസ്. സിങ് പറഞ്ഞു. രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. []

മണ്ണെണ്ണയ്ക്ക് ലിറ്ററിന് 0.82 രൂപയും 14.2 കിലോ എല്‍.പി.ജിക്ക് 22.58 രൂപയുമാണ് സബ്‌സിഡി നല്‍കിവരുന്നത്. ഡീസല്‍ ഉള്‍പ്പെടെയുള്ള ഇന്ധനങ്ങളുടെ വില്പനയിലൂടെ പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടം വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

2011-2012 സാമ്പത്തിക വര്‍ഷം മൂന്ന് എണ്ണക്കമ്പനികള്‍ക്കുണ്ടായ നഷ്ടം 138.541 കോടി രൂപയാണ്. ഇത് നികത്താനായി സര്‍ക്കാര്‍ 83,500 കോടി രൂപ സഹായം നല്‍കി. ഇതില്‍ 55,000 കോടി സംഭാവന നല്‍കിയത് ഓയില്‍ എന്റെ നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ പോലുള്ള സ്ഥാപനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയെന്നതോടെ പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികളില്‍ നിന്ന് സമ്മര്‍ദം ശക്തമായിട്ടുണ്ട്.

ഡീസലിന്റെ വില ലിറ്ററിന് അഞ്ച് രൂപ വരെ വര്‍ധിപ്പിക്കുന്നതിനാണ് ആലോചന. പെട്രോളിന് ലിറ്ററിന് മൂന്ന് രൂപ കൂടിയേക്കും. പാചകവാതക വിലയിലും വര്‍ധനക്ക് സമ്മര്‍ദമുണ്ട്.

We use cookies to give you the best possible experience. Learn more