ന്യൂദല്‍ഹി: കോടതിയലക്ഷ്യത്തിന് സുപ്രീംകോടതി അയച്ച നോട്ടീസിന് മറുപടി നല്‍കി സ്റ്റാന്റ് അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്ര. ട്വീറ്റുകളിലൂടെ സുപ്രീംകോടതിയെ അപമാനിച്ചെന്നാരോപിച്ചാണ് കമ്രക്കെതിരെ കോടതി കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ചിരുന്നത്. ഇതിലാണ് കമ്ര സത്യാവാങ് മൂലം സമര്‍പ്പിച്ചത്. എന്നാല്‍ മറുപടിയില്‍ അദ്ദേഹം ക്ഷമാപണം നടത്തിയിട്ടില്ല.
കോടതിയെ അപമാനിക്കാനല്ല തന്റെ ട്വീറ്റുകളെന്നും എന്നാല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് പ്രസക്തമെന്ന് വിശ്വസിക്കുന്ന വിഷയങ്ങളില്‍ കോടതിയുടെ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇടപെടലുണ്ടാക്കാന്‍ പ്രേരിപ്പിക്കാനും വേണ്ടി ആയിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
ജുഡീഷ്യറിയിലെ പൊതുജനവിശ്വാസം ഒരു വിമര്‍ശനത്തിലൂടെയോ അഭിപ്രായപ്രകടനത്തിലൂടെയോ തകര്‍ക്കാന്‍ കഴിയില്ലെന്നും കോടതിയുടെ സ്വന്തം നടപടികളിലൂടെ മാത്രമേ അങ്ങനെയുണ്ടാകുള്ളൂവെന്നും കമ്ര പറഞ്ഞു.
തമാശകള്‍ക്ക് ന്യായീകരണം ആവശ്യമില്ല, കൊമേഡിയന്റെ ധാരണയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ജുഡീഷ്യറിയില്‍ ആളുകള്‍ക്കുള്ള വിശ്വാസം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയല്ല തന്റെ ട്വിറ്റുകളെന്നും കമ്ര വ്യക്തമാക്കി.
ആത്മഹത്യ പ്രേരണക്കേസില്‍ അറസ്റ്റിലായ ടിവി അവതാരകന്‍ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച സുപ്രീംകോടതി നടപടിയെ വിമര്‍ശിച്ച് കുനാല്‍ കമ്ര ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹത്തിനെതിരെ അഭിഭാഷകരുള്‍പ്പെടെ എട്ടുപേര്‍ കേസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് കുനാല്‍ കമ്രക്കെതിരെ കഴിഞ്ഞ വര്‍ഷം കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ചത്.
ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ആര്‍ സുഭാഷ് റെഡ്ഡി, എം.ആര്‍ ഷാ എന്നിവരുടെ ബെഞ്ചാണ് നോട്ടീസ് പുറപ്പെടുവിച്ചത്.
”ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്തിയതിന്” തങ്ങള്‍ക്കെതിരെ എന്തുകൊണ്ട് കോടതി അലക്ഷ്യ നടപടികള്‍ സ്വീകരിക്കരുതെന്ന് വിശദീകരിക്കാന്‍ സുപ്രീം കോടതി കുനാല്‍ കമ്രയോട് ആവശ്യപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക