രജിസ്‌ട്രേഷന്‍ നമ്പറുകള്‍ മറച്ചുകൊണ്ടുള്ള അലങ്കാരങ്ങള്‍ വേണ്ട; ശബരിമല തീര്‍ത്ഥാടകര്‍ക്ക് എം.വി.ഡിയുടെ മുന്നറിയിപ്പ്
Kerala News
രജിസ്‌ട്രേഷന്‍ നമ്പറുകള്‍ മറച്ചുകൊണ്ടുള്ള അലങ്കാരങ്ങള്‍ വേണ്ട; ശബരിമല തീര്‍ത്ഥാടകര്‍ക്ക് എം.വി.ഡിയുടെ മുന്നറിയിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th December 2024, 2:25 pm

ന്യൂദല്‍ഹി: പൊതുനിരത്തുകളില്‍ അലങ്കരിച്ച വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്.

റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലും അവയുടെ രജിസ്‌ട്രേഷന്‍ നമ്പറുകള്‍ മറയുന്ന തരത്തിലും വാഹനങ്ങള്‍ അലങ്കരിച്ച് പൊതുനിരത്തില്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് എം.വി.ഡി പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് എം.വി.ഡിയുടെ അറിയിപ്പ്.

ശബരിമല തീര്‍ത്ഥാടകര്‍ എത്തുന്ന വണ്ടികള്‍ ഇത്തരത്തിലുള്ളതാണെന്നും എം.വി.ഡി ചൂണ്ടിക്കാട്ടി. മഞ്ഞള്‍, പൂക്കള്‍, ചന്ദനം എന്നിവകൊണ്ട് രജിസ്ട്രേഷന്‍ നമ്പര്‍ മറച്ചുകൊണ്ടുള്ള വാഹനങ്ങളാണ് ഭൂരിഭാഗം അയ്യപ്പ ഭക്തരും തീര്‍ത്ഥാടനത്തിനായി ഉപയോഗിക്കുന്നതെന്നും ഇത് നിയമലംഘനമാണെന്നും എം.വി.ഡി വ്യക്തമാക്കി.

വാഹനങ്ങളുടെ മുന്നിലും പിന്നിലുമായുള്ള സുരക്ഷാ ഗ്ലാസുകളില്‍ വിവിധ തരത്തിലുള്ള സ്റ്റിക്കറുകളും മറ്റു അലങ്കാരങ്ങളും ഉപയോഗിക്കുന്നതും കുറ്റകരമാണ്. ഇത് ഡ്രൈവറുടെ കാഴ്ചയ്ക്ക് പരിമിതിയുണ്ടാക്കുമെന്നും റോഡപകടങ്ങള്‍ക്ക് കാരണമാകുമെന്നും എം.വി.ഡി മുന്നറിയിപ്പ് നല്‍കി.

വാഹനങ്ങളില്‍ അനധികൃതവും നിയമവിരുദ്ധമായതുമായ ലൈറ്റുകളും സാമൂഹ്യ സുരക്ഷയെ ബാധിക്കുന്നതുമായ വസ്തുക്കളും അലങ്കാരത്തിനായി ഉപയോഗിച്ചാല്‍ നടപടിയുണ്ടാകുമെന്നും അറിയിപ്പുണ്ട്.

ഹൈക്കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് മുന്നറിയിപ്പ് നല്‍കുന്നതെന്നും എം.വി.ഡി വ്യക്തമാക്കി.

അതേസമയം മുന്നറിയിപ്പുകള്‍ക്ക് പിന്നാലെ മോട്ടോര്‍ വാഹന നിയമം പാലിക്കാതെ അപകടകരമായ തരത്തില്‍ രൂപമാറ്റം വരുത്തിയ ഓട്ടോറിക്ഷ എം.വി.ഡി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് അപകടകരമായ രീതിയില്‍ മാറ്റം വരുത്തി റോഡില്‍ ഇറക്കിയത്.

യാത്രക്കിടെ ഇലവുങ്കലില്‍ വെച്ച് മോട്ടോര്‍ വാഹന വകുപ്പ് സേഫ് സോണ്‍ ഉദ്യോഗസ്ഥര്‍ വാഹനം പിടിച്ചെടുക്കുകയായിരുന്നു. കൊല്ലം സ്വദേശികളായ ശബരിമല തീര്‍ത്ഥാടകരാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്.

അപകടമുണ്ടാക്കും വിധം വാഹനത്തില്‍ രൂപമാറ്റം വരുത്തിയതിന് ഓട്ടോറിക്ഷ ഉടമയ്ക്ക് 5000 രൂപ പിഴ ചുമത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശബരിമല ശ്രീകോവിലിന്റെയും പതിനെട്ടാം പടിയുടെയും മാതൃക ഓട്ടോറിക്ഷയില്‍ കെട്ടിവെച്ചിരുന്നു. ഓട്ടോറിക്ഷയുടെ വലിപ്പവും കവിഞ്ഞ് വശങ്ങളില്‍ ഏറെ പുറത്തേക്ക് തള്ളി നില്‍ക്കുന്ന തരത്തിലായിരുന്നു അലങ്കാരങ്ങള്‍.

Content Highlight: No decorations obscuring registration numbers; MVD’s warning to Sabarimala pilgrims