| Friday, 10th January 2014, 5:50 pm

കടല്‍ക്കൊല; ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ സുവ നിയമം ചുമത്തുന്നത് തീരുമാനിച്ചിട്ടില്ല: ഷിന്‍ഡേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: കടല്‍ക്കൊല കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ സുവ നിയമം പ്രയോഗിക്കുന്നതില്‍ തീരുമാനമായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ.

പത്രസമ്മേളനത്തിലാണ് ഷിന്‍ഡേ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വിഷയത്തില്‍ ഉടന്‍ തന്നെ തീരുമാനമെടുക്കുമെന്നും ഷിന്‍ഡേ അറിയിച്ചു.

കഴിഞ്ഞ ദിവസം കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ നാവികര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയായിരുന്നു റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മത്സ്യതൊഴിലാളികളെ വെടിവെച്ച് കൊന്നത് അബദ്ധമാണെന്ന് കണക്കാക്കാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

പ്രോസിക്യൂഷന്‍ അനുമതിക്കായി റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയിരിക്കുകയാണ്. ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തില്ലെന്ന് ഇന്ത്യ ഇറ്റലിക്ക് ഉറപ്പ് നല്‍കിയിരുന്നു.

ഈ പശ്ചാത്തലത്തിലാണ് വിഷയത്തില്‍ രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് ഷിന്‍ഡേ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായും നിയമ മന്ത്രി കപില്‍ സിബലുമായും ഷിന്‍ഡേ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

2012 ഫെബ്രുവരി 15നാണ് “എന്റിക്ക ലെക്‌സി” എന്ന ഇറ്റാലിയന്‍ കപ്പലിലെ നാവികര്‍ മത്സ്യതൊഴിലാളികളെ വെടിവെച്ച് കൊന്നത്. കൊല്ലം നീണ്ടകരയ്ക്ക് സമീപത്തായിരുന്നു സംഭവം.

കേരള പൊലീസിന്ഈ കേസ് അന്വേഷിക്കാന്‍ അധികാരമില്ലെന്ന സുപ്രീം കോടതി വിധിയെതുടര്‍ന്നാണ് എന്‍.ഐ.എയെ ചുമതലപ്പെടുത്തിയത്.

We use cookies to give you the best possible experience. Learn more