| Monday, 11th November 2019, 10:25 am

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: സേനയില്‍ നിന്ന് വ്യക്തതയില്ലാതെ തീരുമാനമില്ല; ഔദ്യോഗികമായി എന്‍.സി.പിയെ സമീപിക്കണമെന്നും നവാബ് മാലിക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി ശിവസേന എന്‍.സി.പിയുടെ ഉപാധികള്‍ അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട്. അതിന്റെ ആദ്യപടിയെന്നോണം ശിവസേനാ നേതാവ് അരവിന്ദ് സാവന്ത് കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. ഇപ്പോഴിതാ കൂടുതല്‍ ഉപാധികള്‍ തങ്ങള്‍ക്കുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് എന്‍.സി.പി.

എല്ലാ ഉപാധികളും അംഗീകരിച്ച് ഔദ്യോഗികമായി ശിവസേന എന്‍.സി.പിയെ സമീപിക്കുകയാണെങ്കില്‍ പരിഗണിക്കാന്‍ തയ്യാറാണെന്ന് മുതിര്‍ന്ന നേതാവ് നവാബ് മാലിക് പറഞ്ഞു.

‘ഞങ്ങളുടെ എം.എല്‍.എമാരുടെ മീറ്റിംഗ് നവംബര്‍ 12നു കൂടുന്നുണ്ട്. അവിടെ സര്‍ക്കാര്‍ രൂപീകരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യുകയും ഉറച്ച തീരുമാനമെടുക്കുകയും ചെയ്യും.’ മാലിക് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സേനയുമായി സഖ്യം സ്ഥാപിക്കുന്നതിന് മുമ്പ് സേനയുടെ സര്‍ക്കാറിനെ കുറിച്ച് വ്യക്തമായ ധാരണ എന്‍.സി.പിക്ക് നല്‍കണമെന്നും മാലിക് പറഞ്ഞു. ‘നേതൃത്വം എങ്ങനെയാണ് രൂപീകരിക്കുന്നത്, എന്താണ് സര്‍ക്കാരിന്റെ പദ്ധതികള്‍, അജണ്ടകള്‍ ഇവയൊക്കെ വ്യക്തമാവാതെ എന്‍.സി.പി ഒരു തീരുമാനം എടുക്കില്ല.’ മാലിക് പറഞ്ഞു.

അതേസമയം, എന്‍.സി.പിയുടെ കോര്‍ കമ്മിറ്റി മീറ്റിംഗ് മുംബൈയില്‍ കൂടുന്നുണ്ട്. ശരദ് പവാര്‍, പഫുല്‍ പട്ടേല്‍, സുപ്രിയ സുലെ, അജിത് പവാര്‍, ജയന്ത് പാട്ടീല്‍ എന്നിവര്‍ പങ്കെടുക്കും.

എന്‍.ഡി.എ സഖ്യം ഉപേക്ഷിക്കാതെ ശിവസേനയുമായി ചര്‍ച്ചക്കില്ലെന്ന് ഇന്നലെ എന്‍.സി.പി വ്യക്തമാക്കിയിരുന്നു. കേന്ദ്രമന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്നും ഉപാധികളില്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് അരവിന്ദ് സാവന്ത് രാജിവെക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശിവസേനയുടെ ഏക കേന്ദ്രമന്ത്രിയായിരുന്നു സാവന്ത്. ഖനവ്യവസായ വകുപ്പിന്റേതടക്കമുള്ള ചുമതലയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. മന്ത്രിസ്ഥാനം രാജിവെച്ചതായി സാവന്ത് അറിയിക്കുകയായിരുന്നു.

നേരത്തെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി ബി.ജെ.പിയെ ക്ഷണിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ബി.ജെ.പിക്കില്ലെന്ന് മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ ഗവര്‍ണറെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ശിവസേനയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത്.

We use cookies to give you the best possible experience. Learn more