| Thursday, 28th July 2016, 11:15 pm

നര്‍സിങ് യാദവിന്റെ ഒളിംപിക് യോഗ്യത സംബന്ധിച്ച് തീരുമാനമായില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തേജക വിവാദത്തിലകപ്പെട്ട ഗുസ്തി താരം നര്‍സിങ് യാദവിന്റെ ഒളിംപിക് യോഗ്യത സംബന്ധിച്ച തീരുമാനം ഇന്ന് ഉണ്ടായില്ല. ഇതേക്കുറിച്ച് കൂടുതല്‍ വാദം വേണമെന്ന് നാഡ അഭിഭാഷകര്‍ വാദിച്ചതിനെ തുടര്‍ന്നാണിത്. ഗൂഡാലോചന നടന്നെന്ന സൂചനയുടെ പശ്ചാത്തലത്തില്‍ നാഡയുടെ അച്ചടക്ക സമിതി നര്‍സിങ്ങില്‍ നിന്നും തെളിവെടുത്തിരുന്നു. അതേസമയം, നര്‍സിങ്ങിന് അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് ഗുസ്തി ഫെഡറേഷന്‍ സെക്രട്ടറി വി.എന്‍. പ്രസൂദ് പ്രതീക്ഷ പ്രകടിപ്പിച്ചു.

ഒളിംപിക്‌സില്‍ പങ്കെടുക്കാതിരിക്കാന്‍ രണ്ടുപേര്‍ ചേര്‍ന്നു നടത്തിയ ഗൂഡാലോചനയുടെ ഇരയാണ് താനെന്നായിരുന്നു നര്‍സിങ് യാദവ് നാഡ അച്ചടക്കസമിതിയോട് പറഞ്ഞത്. സോനിപ്പത്തിലെ സായ് സെന്ററിലെ കാന്റീനില്‍ തയ്യാറാക്കിയ ഭക്ഷണത്തില്‍ പുറത്തുനിന്നുള്ളയാള്‍ എന്തോ വസ്തു കലര്‍ത്തുന്നതായി കണ്ടതായി പാചകക്കാരനും ജൂനിയര്‍ താരവും വെളിപ്പെടുത്തിയിരുന്നു. ഈ ഭക്ഷണം കഴിച്ചതാണ് ഉത്തേജക പരിശോധനയില്‍ പരാജയപ്പെടാന്‍ കാരണമായതെന്ന താരത്തിന്റെ ആരോപണം ശരിവച്ച് ഗുസ്തി ഫെഡറേഷനും കാന്റീന്‍ ജീവനക്കാരനും ജൂനിയര്‍ താരങ്ങളും അച്ചടക്കസമിതിക്കു മുന്നില്‍ വിശദീകരണം നല്‍കി.

നര്‍സിങ് തെറ്റുകാരനല്ലെന്ന് ആവര്‍ത്തിച്ച ഗുസ്തി ഫൗണ്ടേഷന്‍, നാഡ അച്ചടക്ക സമിതി സത്യാവസ്ഥ മനസിലാക്കി താരത്തിന്റെ വിലക്കു നീക്കുമെന്നാണ് പ്രതീക്ഷയെന്ന് വ്യക്തമാക്കി. നര്‍സിങ്ങിനെതിരെ ഗൂഡാലോചന നടന്നെന്നും ഫെഡറേഷന്‍ ആവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more