തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബാറുകള്‍ തുറക്കുന്നതും അടച്ചുപൂട്ടുന്നതും സംബന്ധിച്ച് വിവിധ വകുപ്പുകളുടെ അഭിപ്രായം തേടിവരികയാണെന്ന് കോടിയേരി പറഞ്ഞു.
മദ്യനിരോധനമല്ല, മദ്യവര്‍ജ്ജനമാണ് ഇടത് നയമെന്നും മുന്നണിയില്‍ വിശദമായി ചര്‍ച്ച ചെയ്ത് വിഷയത്തില്‍ തീരുമാനമെടുക്കുമെന്നും കോടിയേരി വ്യക്തമാക്കി.
ബാറുകള്‍ പൂട്ടിയത് സംസ്ഥാനത്തെ ടൂറിസം മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് ടൂറിസം മന്ത്രി എ.സി മൊയ്തീന്‍ അഭിപ്രായപ്പെട്ടിരുന്നു. മദ്യനയത്തില്‍ മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഇതിനെ പിന്തുണച്ചിരുന്നു.
ഇതിനെതിരെ പ്രതിപക്ഷവും സഭാ നേതൃത്വങ്ങളും രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് സംസ്ഥാന സെക്രട്ടറി തന്നെ പ്രതികരണവുമായി വന്നിരിക്കുന്നത്.
അതേസമയം മദ്യവര്‍ജ്ജനമെന്ന നിലപാടിനെതിരെ എല്‍.ഡി.എഫ് ഘടകകക്ഷിയായ എന്‍.സി.പി രംഗത്തെത്തിയിട്ടുണ്ട്. മദ്യവര്‍ജ്ജനമല്ല മദ്യനിരോധനമാണ് പാര്‍ട്ടിയുടെ നയമെന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യം എല്‍.ഡി.എഫില്‍ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.