ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര; തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് സുഷമാ സ്വരാജ്
Daily News
ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര; തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് സുഷമാ സ്വരാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st May 2015, 8:48 pm

Sushama-Swarajന്യൂദല്‍ഹി: ഏറെ നാളുകളായി മുടങ്ങിക്കിടക്കുന്ന ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര പുനസ്ഥാപിക്കുന്നതിനെ കുറിച്ച് ഇതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. അടുത്തിടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷെഹര്യാര്‍ ഖാന്റെ ഇന്ത്യാ സന്ദര്‍ശനം ഇന്ത്യ- പാക് ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കുന്നതിന് വഴിയൊരുക്കുന്നതാണെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

നേരത്തെ ഷെഹര്യാര്‍ ഖാനും ബി.സി.സി.ഐ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയയും ചേര്‍ന്ന് കൊല്‍ക്കത്തയില്‍ പുറത്തിറക്കിയ സംയുക്ത പത്രപ്രസ്താവനയില്‍ മൂന്ന് ടെസ്റ്റുകളും, അഞ്ച് ഏകദിനങ്ങളും, രണ്ട് ടി20യും ഉള്‍പ്പെടുന്ന ഒരു പരമ്പര ഈ വര്‍ഷം ഡിസംബറില്‍ യു.എ.ഇയില്‍ വെച്ച് നടത്താനുള്ള നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ബി.സി.സി.ഐ ഇതിനോട് അനുകൂലമായ തീരുമാനങ്ങളൊന്നും ഇതുവരെ എടുത്തിട്ടില്ല.

മുംബൈ ഭീകരാക്രമണത്തിനു ശേഷമാണ് പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് കരാറുകള്‍ ഇന്ത്യ നിര്‍ത്തലാക്കിയത്. 2008 നു ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ടെസ്റ്റ് പരമ്പരകള്‍ നടന്നിട്ടില്ല. എന്നാല്‍ 2012ല്‍ ഇന്ത്യയില്‍ വെച്ച് മൂന്ന് ഏകദിനവും രണ്ട് ടി20യുമടങ്ങുന്ന പരമ്പരയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കളിച്ചിരുന്നു. എന്നാല്‍ അതിനു ശേഷം ഐ.സി.സി സംഘടിപ്പിച്ച മത്സരങ്ങളിലല്ലാതെ ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടിയിട്ടില്ല.

ശ്രീലങ്കന്‍ ടീമിനു നേരെ 2009ല്‍ ഉണ്ടായ തീവ്രവാദി ആക്രമണത്തിനു ശേഷം ആറു വര്‍ഷത്തോളം പാകിസ്ഥാനില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ ഒന്നും തന്നെ നടന്നിരുന്നില്ല. ആറുവര്‍ഷത്തിനു ശേഷം സിംബാബ്‌വെയാണ് ഇതിന് അവസാനമിട്ട് പാക്കിസ്ഥാനില്‍ ആദ്യ ടെസ്റ്റ് കളിച്ചത്.

ഇന്ത്യ- പാക് ക്രിക്കറ്റ് ബന്ധം പുനസ്ഥാപിക്കുന്നതില്‍ ബി.സി.സി.ഐയുടെ ഭാഗത്തുനിന്നുമുണ്ടാകുന്ന താല്പര്യമില്ലായ്മയില്‍ നിരാശ പ്രകടിപ്പിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ഷെഹര്യാര്‍ ഖാന്‍ നേരത്തെ രംഗത്തുവന്നിരുന്നു.