| Thursday, 6th May 2021, 5:05 pm

കേന്ദ്രം നല്‍കാമെന്നേറ്റ ഓക്‌സിജന്‍ ലഭിച്ചാല്‍ ഒരാള്‍ പോലും ദല്‍ഹിയില്‍ ശ്വാസം മുട്ടി മരിക്കില്ലെന്ന് ഉറപ്പ്; അരവിന്ദ് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രം വാഗ്ദാനം ചെയ്ത ഓക്‌സിജന്‍ കൃത്യമായി ലഭിക്കുകയാണെങ്കില്‍ ഒരാള്‍ പോലും ദല്‍ഹിയില്‍ ശ്വാസം മുട്ടി മരിക്കില്ലെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പ്രതിദിനം 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ എത്തിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘കേന്ദ്രം വാഗ്ദാനം ചെയ്ത 700 ടണ്‍ ഓക്‌സിജന്‍ ലഭിക്കുകയാണെങ്കില്‍ 9,000-9,500 കിടക്കകള്‍ ദല്‍ഹിയില്‍ സ്ഥാപിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. ഇതിലൂടെ കൂടുതല്‍ ഓക്‌സിജന്‍ കിടക്കകള്‍ സ്ഥാപിക്കാന്‍ കഴിയും. ഓക്‌സിജന്‍ ലഭിക്കാത്തതിന്റെ പേരിലുള്ള മരണങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കാന്‍ സാധിക്കും’, കെജ്‌രിവാള്‍ പറഞ്ഞു.

അതേസമയം രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ഇപ്പോള്‍ തന്നെ തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എം. ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെല്ലായിടത്തേക്കും ഓക്സിജന്‍ വിതരണം ചെയ്യുന്നതിനായുള്ള നയം പുതുക്കണം. കൊവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാന്‍ രാജ്യത്തെ മുഴുവന്‍ ഉള്‍ക്കൊണ്ടു കൊണ്ടുള്ള നയ സമീപനമാണ് സ്വീകരിക്കേണ്ടതെന്നും കോടതി പറഞ്ഞു.

ദല്‍ഹിയിലേക്കുള്ള ഓക്സിജന്‍ വിതരണവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കവെയാണ് സുപ്രീം കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയത്.

മൂന്നാം തരംഗത്തിനെ നേരിടാനുള്ള നയ രൂപീകരണത്തില്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ അതിന് കേന്ദ്രമായിരിക്കും ഉത്തരവാദികള്‍ എന്നും ആ ഉത്തരവാദിത്തം കേന്ദ്രം തന്നെ നിറവേറ്റേണ്ടി വരുമെന്നും കോടതി താക്കീത് നല്‍കി.

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം നിയന്ത്രിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്. രണ്ടാം തരംഗം വ്യാപിക്കുന്നതിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാരിന് നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ അന്താരാഷ്ട്ര മാധ്യമമായ റോയ്ട്ടേഴ്സിനോട് വെളിപ്പെടുത്തിയിരുന്നു.

മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും കേന്ദ്രം നടപടികള്‍ കൈക്കൊള്ളാഞ്ഞതാണ് കൊവിഡ് രണ്ടാം തരംഗം വ്യാപിക്കുന്നതിന് ഇടയാക്കിയതെന്നും വിമര്‍ശനമുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: No Deaths’ If Delhi Gets 700 Tonnes Oxygen Daily Says Arvind Kejriwal

We use cookies to give you the best possible experience. Learn more