| Sunday, 5th May 2019, 10:57 pm

'സ്വവർഗ ലൈംഗിക ബന്ധത്തിന് വധശിക്ഷയില്ല': മലക്കം മറിഞ്ഞ് ബ്രൂണെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സേരിയ: സ്വവർഗ ലൈംഗിക ബന്ധത്തിന് വധശിക്ഷ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച് ബ്രൂണെ സുൽത്താൻ ഹസ്സനൽ ബോൽക്കിയ. മുൻ നിലപാടിൽ നിന്നും വ്യതിചലിച്ചാണ് പുതിയ തീരുമാനത്തിലേക്ക് ബ്രൂണൈ എത്തുന്നത്. ബ്രൂണെയിൽ വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് സ്വവർഗലൈംഗിക ബന്ധം. ഈ നിലപാടിൽ പ്രതിഷേധിച്ച് ലോകത്തിന്റെ പല ഭാഗത്തു നിന്നുമായി പ്രതിഷേധം ഉയർന്നിരുന്നു. തെക്ക് കിഴക്കൻ ഏഷ്യയിലാണ് ബ്രൂണെ സ്ഥിതി ചെയ്യുന്നത്.

ബ്രൂണെയുടെ നിലപാടിൽ പ്രതിഷേധിച്ച് ഹോളിവുഡിലെ പ്രമുഖരായ ജോർജ്ജ് ക്ലൂണി, എൽട്ടൻ ജോൺ എന്നിവർ രംഗത്ത് വന്നിരുന്നു. ഷാരിയ നിയമം വ്യാഖ്യാനിച്ചുകൊണ്ടാണ് സ്വവർഗ ലൈംഗിക ബന്ധം ബ്രൂണെയിൽ കുറ്റകരമാണെന്ന് പ്രഖ്യാപിക്കുന്നത്. ഈ നിയമത്തിന്റെ വ്യാഖ്യാനം അനുസരിച്ച് വിവാഹേതര ലൈംഗിക ബന്ധം, ഗുദഭോഗം, ലൈംഗിക അതിക്രമം എന്നിവയും വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ഈ വർഷം ഏപ്രിൽ മൂന്നിനാണ് ഈ നിയമം നിലവിൽ വന്നത്.

‘ഷാരിയ പീനൽ കോഡ് ഓർഡറിനെക്കുറിച്ച് ഏറെ അബദ്ധധാരണകൾ നിലനിൽക്കുന്നുണ്ടെന്നും ചോദ്യങ്ങളും ഞാൻ മനസിലാക്കുന്നു. ഈ തെറ്റിധാരണകൾ മാറുമ്പോൾ നിങ്ങൾ നിയമത്തിന്റെ ഗുണഫലങ്ങൾ മനസിലാക്കും. നിയമങ്ങൾ രാജ്യത്തിന്റെ സന്തോഷത്തിനും നന്മയ്ക്കും വേണ്ടിയാണ്’ സുൽത്താൻ ഹസ്സനൽ ബോൽക്കിയ മാധ്യമങ്ങളോടായി പറഞ്ഞു.

എന്നാൽ ഈ നിയമം നടപ്പിൽ വരുത്താനുള്ള തങ്ങളുടെ അവകാശത്തെ ബ്രൂണൈ ലോകത്തിന് മുൻപായി ന്യായീകരിച്ചിരുന്നു. 2014ലാണ് ഈ നിയമം നടപ്പിൽ വരുത്താൻ ബ്രൂണെ ആലോചിക്കുന്നത്. പിന്നീട് ഘട്ടം ഘട്ടമായി നിയമങ്ങൾ നടപ്പിൽ വരുത്തുകയായിരുന്നു. ഷാരിയ പീനൽ കോഡ് ഓർഡർ ആണ് നിയമങ്ങൾക്ക് അടിസ്ഥാനം.

ഇതാദ്യമായാണ് ബ്രൂണെ അന്താരാഷ്ട്ര സമ്മർദ്ദത്തിന് വഴങ്ങി തങ്ങളുടെ നിയമങ്ങളിൽ മാറ്റം വരുത്തുന്നത്. കരുതിക്കൂട്ടിയുള്ള കൊലപാതകം, മയക്കുമരുന്ന് വിൽപ്പന എന്നീ കുറ്റങ്ങൾക്കും ബ്രൂണെയിൽ വധശിക്ഷ നിലവിലുണ്ട്. എന്നാൽ 1990 മുതൽ ബ്രൂണെയിൽ വധശിക്ഷ നടപ്പിലാക്കിയിട്ടില്ല.

We use cookies to give you the best possible experience. Learn more