| Thursday, 14th January 2016, 4:39 pm

ഇന്ത്യയുമായി റാഫേല്‍ ഇടപാട് നടന്നിട്ടില്ലെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരിസ്: ഇന്ത്യയുമായി ഇതുവരെ റാഫേല്‍ ഇടപാട് നടന്നിട്ടില്ലെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രി ജീന്‍ വെസ് ലെ ഡ്രിയന്‍. ഫ്രാന്‍സിലെ ഡിസാള്‍ട്ട് കമ്പനിയില്‍ നിന്നും റാഫാല്‍ വിമാനങ്ങള്‍ വാങ്ങുന്ന കാര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ അവസാനവട്ട ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ തിങ്കളാഴ്ച്ച പറഞ്ഞിരുന്നു. 36 ഓളം പോര്‍വിമാനങ്ങള്‍ വാങ്ങാനാണ് ഇതുവഴി ഇന്ത്യ ലക്ഷ്യമിടുന്നത്.

റാഫാല്‍ വാങ്ങുന്നകാര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഏറെ നാളുകളായി ചര്‍ച്ചയിലാണ്. വിലയുടെകാര്യത്തിലും മറ്റുമായി അത് നീണ്ടു പോവുകയായിരുന്നു. ഇതിനൊടുവിലാണ് ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിക്കൊണ്ടിരിക്കുന്നതായി വ്യക്തമാക്കി ഇന്ത്യന്‍ പ്രതിരോധമന്ത്രി തന്നെ രംഗത്തുവന്നത്. ഇതിന് പിന്നാലെയാണ് റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ഇതുവരെ കരാറൊന്നുമായിട്ടില്ലെന്ന് വ്യക്തമാക്കി ഫ്രഞ്ച് പ്രതിരോധ മന്ത്രി രംഗത്ത് വന്നിരിക്കുന്നത്.

ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളന്‍ഡേ ഈ മാസം ദല്‍ഹി സന്ദര്‍ശിക്കാനിരിക്കുകയാണ്. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന് മുമ്പോ സന്ദര്‍ശന സമയത്തോ റാഫേല്‍ ഇടപാടില്‍ ഇരുരാജ്യങ്ങളും ഉടമ്പടിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള ഭീഷണി വളര്‍ന്നുവരുന്ന സാഹചര്യത്തിലാണ് സോവിയറ്റ് കാലത്തെ യുദ്ധവിമാനങ്ങള്‍ക്ക് പകരം റാഫേല്‍ വിമാനങ്ങള്‍ രംഗത്തിറക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യന്‍ വ്യോമസേന നടത്തി വരുന്നത്.

We use cookies to give you the best possible experience. Learn more