'അന്ന് അയാള്‍ എവിടെയായിരുന്നു?'; ഉത്തരം പറയാനാവാതെ ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിളും; ഉന്നാവോ കേസില്‍ വീണ്ടും പ്രതിസന്ധി
Unnao Rape Case
'അന്ന് അയാള്‍ എവിടെയായിരുന്നു?'; ഉത്തരം പറയാനാവാതെ ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിളും; ഉന്നാവോ കേസില്‍ വീണ്ടും പ്രതിസന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th October 2019, 12:00 am

ന്യൂദല്‍ഹി: ഉന്നാവോയില്‍ 17-കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിച്ച കേസിലെ പ്രതിയും ബി.ജെ.പി എം.എല്‍.എയുമായ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ലൊക്കേഷന്‍ കണ്ടുപിടിക്കാനാവാനാവാതെ ആപ്പിള്‍ കമ്പനി. കുറ്റകൃത്യം നടന്ന ദിവസം സെന്‍ഗാര്‍ എവിടെയായിരുന്നു എന്നു വ്യക്തമാക്കുന്ന വിവരങ്ങളൊന്നും തങ്ങളുടെ കൈവശമില്ലെന്ന് ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ ദല്‍ഹി കോടതിയെ അറിയിച്ചു.

ഐഫോണ്‍ ഉപയോഗിക്കുന്ന വ്യക്തിയാണ് സെന്‍ഗാര്‍. എന്നാല്‍ സംഭവദിവസം ഇയാളുടെ ലൊക്കേഷനെക്കുറിച്ച് വിവരങ്ങളൊന്നും കൈവശമില്ലെന്നാണ് ആപ്പിളിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തേ ലൊക്കേഷന്‍ വെളിപ്പെടുത്തണമെന്നു ദല്‍ഹി കോടതി ആപ്പിളിനോട് നിര്‍ദേശിച്ചിരുന്നു. അതിനു വിശദീകരണമാണ് ഇന്നവര്‍ ദല്‍ഹി ജില്ലാ ജഡ്ജി ധര്‍മേഷ് ശര്‍മ മുമ്പാകെ നല്‍കിയത്.

സെപ്റ്റംബര്‍ 29-നായിരുന്നു കോടതിയുടെ നിര്‍ദേശം. ഇതിനു മറുപടി നല്‍കാന്‍ രണ്ടാഴ്ചത്തെ സമയമാണ് ആപ്പിള്‍ ആവശ്യപ്പെട്ടിരുന്നു.

ഈ വിവരം നല്‍കുന്നതിനൊപ്പം ഇക്കാര്യം സാക്ഷ്യപ്പെടുത്തിക്കൊണ്ട് ഉത്തരവാദിത്തപ്പെട്ട ഒരു സിസ്റ്റം അനലിസ്റ്റിന്റെയോ കമ്പനിയുടെ അധികാരപ്പെട്ട ആരുടെയെങ്കിലുമോ സര്‍ട്ടിഫിക്കറ്റ് അടക്കമായിരിക്കണം മറുപടി നല്‍കേണ്ടതെന്നും ആപ്പിളിനോടു കോടതി നിര്‍ദേശിച്ചിരുന്നു.

ഈ വിവരങ്ങള്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ടോ എന്നറിയില്ലെന്നും ഉണ്ടെങ്കില്‍ത്തന്നെ എവിടെയാണു സൂക്ഷിച്ചതെന്നും വീണ്ടെടുക്കാന്‍ സാധിക്കുമോയെന്നുമൊക്കെ അറിയേണ്ടതുണ്ടെന്നും അഭിഭാഷകര്‍ അന്നു പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2017-ലാണ് ജോലി സംബന്ധിച്ച ആവശ്യവുമായി വീട്ടിലെത്തിയ 16-കാരിയായ പെണ്‍കുട്ടിയെ സെന്‍ഗാര്‍ ലൈംഗികമായി ആക്രമിച്ചത്.

തുടര്‍ന്നു തനിക്കു നീതി കിട്ടിയില്ലെന്നാരോപിച്ച് 2018 ഏപ്രില്‍ മാസത്തില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു മുന്നില്‍ പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതാണ് കേസ് ദേശീയശ്രദ്ധയില്‍ വരാന്‍ കാരണമായത്.

കേസ് പുറത്തുവന്നതിനു ശേഷം ആയുധങ്ങള്‍ കൈവശം വെച്ചെന്ന കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനെ അറസ്റ്റ് ചെയ്തു. 2018 ഏപ്രില്‍ മൂന്നിന് അദ്ദേഹം കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ടു.

തുടര്‍ന്ന് ജൂലൈ 28-ന് റായ്ബറേലിക്ക് അടുത്തുവെച്ചുണ്ടായ വാഹനാപകടത്തില്‍ പെണ്‍കുട്ടിക്കു ഗുരുതരമായി പരിക്കേറ്റു. പെണ്‍കുട്ടിക്കൊപ്പം സഞ്ചരിച്ച രണ്ടു ബന്ധുക്കള്‍ അന്നു കൊല്ലപ്പെട്ടു. ഈ സംഭവത്തില്‍ സെന്‍ഗാറിനു പങ്കുണ്ടെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.