പനാജി: 50000ത്തിലേറെപ്പേരുടെ സാന്നിധ്യമുണ്ടാകുമെന്ന് ബി.ജെ.പി അവകാശപ്പെട്ട പനാജിയിലെ മോദിയുടെ റാലിയിലും പകുതിയിലേറെ കസേരകളും ഒഴിഞ്ഞു തന്നെ. പ്രധാനമന്ത്രി നരേന്ദ്രമോദി റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുന്ന വേളയില്‍ വേദിയിലെ പകുതി കസേരകളും ഒഴിഞ്ഞു കിടക്കുകയായിരുന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് ചിത്രസഹിതം റിപ്പോര്‍ട്ടു ചെയ്യുന്നു.
കഴിഞ്ഞ ദിവസം പഞ്ചാബിലെ ജലന്ധറില്‍ മോദി പങ്കെടുത്ത റാലിയിലും കുറഞ്ഞ ആളുകള്‍ മാത്രമാണുണ്ടായത്. വേദിയില്‍ മോദി പ്രസംഗിക്കുമ്പോള്‍ കസേരകളില്‍ നിന്നും ആളുകള്‍ എഴുന്നേറ്റ് പോകുന്നതിന്റെ ദൃശ്യങ്ങള്‍ എ.എ.പി പുറത്തുവിടുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് ബി.ജെ.പിയെ ഞെട്ടിക്കുന്ന തരത്തില്‍ പനാജിയിലെ റാലിയിലും ജനസാന്നിധ്യം കുറഞ്ഞിരിക്കുന്നത്.
ഗോവയിലെ 40 മണ്ഡലങ്ങളിലേക്കും ബസ് അയച്ചിട്ടുണ്ടെന്നും ചുരുങ്ങിയത് 50,000 പേരെങ്കിലും റാലിയില്‍ പങ്കെടുക്കുമെന്നുമാണ് ബി.ജെ.പി നേതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ സദസിലൊരുക്കിയ കസേരകള്‍ മിക്കതും ഒഴിഞ്ഞു കിടക്കുകയായിരുന്നു.
വൈകുന്നേരം അഞ്ചു മണിയോടെ പനാജിയിലെത്തിയ മോദി അരമണിക്കൂറോളം പ്രസംഗിച്ചശേഷം സൂര്യാസ്തമയത്തിനു മുമ്പ് ഹെലിക്ടോപ്റ്റര്‍ ടേക്ക് ഓഫ് ചെയ്യേണ്ടതുണ്ടെന്ന് പറഞ്ഞ് തിരിച്ചുപോകുകയായിരുന്നു.
കേന്ദ്രമന്ത്രി മനോഹര്‍ പരീക്കറിനെ ഏറെ പുകഴ്ത്തിക്കൊണ്ടാണ് മോദി റാലിയില്‍ സംസാരിച്ചത്. പ്രതിരോധമന്ത്രിയുടെ സ്ഥാനത്തേക്ക് ഇത്രയേറെ കഴിവുള്ള ഒരു നേതാവിനെ സമ്മാനിച്ച ഗോവന്‍ ജനതയെ അഭിനന്ദിക്കുകയാണ് എന്നാണ് മോദി പറഞ്ഞത്.
Must Read: ‘മുസ്‌ലീങ്ങളെ വിലക്കുന്ന ട്രംപിന്റെ ഉത്തരവിനെതിരെ പ്രതിഷേധിക്കൂ’ അമേരിക്കന്‍ ജനതയോട് ഒബാമ