ന്യൂദല്‍ഹി: സര്‍ക്കാരിനെ വിമര്‍ശിച്ച് വാര്‍ത്തകള്‍ എഴുതുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. ജനാധിപത്യരാജ്യങ്ങളില്‍ ഒരു വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്രത്തെ ബഹുമാനിക്കേണ്ടതാണെന്നും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(a)യുടെ കീഴില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അതിനുള്ള അവകാശം ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഉത്തര്‍പ്രദേശിലെ മാധ്യമപ്രവര്‍ത്തകനായ അഭിഷേക് ഉപാധ്യയ ‘പൊതുഭരണത്തിലെ ജാതി ചലനാത്മകത’എന്ന വിഷയത്തില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ഇതിനെത്തുടര്‍ന്ന് തനിക്കെതിരെ യു.പി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
കേസില്‍ മാധ്യമപ്രവര്‍ത്തകന് ഇടക്കാല സംരക്ഷണം നല്‍കിയ കോടതി അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ആവശ്യകതയെ ഉയര്‍ത്തിക്കാണിച്ചു. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി.എന്‍ ഭട്ടി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
മാധ്യമപ്രവര്‍ത്തകന്റെ രചനകള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതായാലും എഴുത്തുകാരനെതിരെ ക്രിമിനല്‍ കേസ് ചുമത്തരുതെന്ന് പറഞ്ഞ കോടതി ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ പ്രതികരണം ആവശ്യപ്പെട്ട് യു.പി സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു.
കൂടാതെ നവംബര്‍ അഞ്ചിന് കേസ് വീണ്ടും പരിഗണിക്കുന്നത് വരെ ആ കേസുമായി ബന്ധപ്പെട്ട് ഹരജിക്കാരനെതിരെ മറ്റ് നടപടികള്‍ സ്വീകരിക്കരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
പ്രസ്തുത വിഷയത്തില്‍ യു.പി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് അഭിഷേക് ഉപാധ്യയ എഴുതിയ ലേഖനം മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് അഭിഷേകിനെ അഭിനന്ദിച്ച് എക്സില്‍ പോസ്റ്റ് പങ്കുവെച്ചതോടെയാണ് ചര്‍ച്ചയാവുന്നത്. പീന്നീട് ലേഖനത്തിനെതിരെ യു.പി പോലീസ് വിവിധ എഫ്.ഐ.ആര്‍.രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
Content Highlight: No criminal case should file against journalist who criticize government’s says supreme court