ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച താരങ്ങളെയൊന്നും അര്‍ജ്ജുന അവാര്‍ഡിന് പരിഗണിക്കാത്തതിന് കാരണം ഇന്ത്യന്‍ സ്‌പോര്‍ട്‌സ് മിനിസ്ട്രിയും ബി.സി.സി.ഐയും തമ്മിലുള്ള ധാരണാപിശകുമൂലമെന്ന് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അവാര്‍ഡിന് പരിഗണിക്കാവുന്ന താരങ്ങളുടെ ലിസ്റ്റ് സ്‌പോര്‍ട്‌സ് മിനിസ്ട്രിയ്ക്ക് കൊടുക്കേണ്ടത് ബി.സി.സി.ഐ ആണ്. എന്നാല്‍ കഴിഞ്ഞവര്‍ഷം ബി.സി.സി.ഐ ആരുടെ പേരും അവാര്‍ഡിനായി നിര്‍ദ്ദേശിച്ചിരുന്നില്ല.
2011 ലെ വേള്‍ഡ് കപ്പ് ജയത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച വിരാട് കോഹ്‌ലിയായിരുന്നു ആ വര്‍ഷത്തെ ടീമിലെ ടോപ് സ്‌കോറര്‍. അദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിക്കാത്തതുകാരണം അദ്ദേഹത്തിന് ആ അവസരം നഷ്ടപ്പെട്ടു.
സ്‌പോര്‍ട്‌സ് മിനിസ്ട്രിയുടെ അര്‍ജ്ജുന അവാര്‍ഡ് നോമിനേഷന്‍ തങ്ങള്‍ക്ക് ലഭിച്ചിരുന്നെന്നും എന്നാല്‍ അതില്‍ ഏത് രീതിയിലാണ് താരങ്ങളെ പരിഗണിക്കേണ്ടതെന്ന വിവരം തങ്ങള്‍ക്ക് ലഭിച്ചിരുന്നില്ലെന്നും ബി.സി.സി.ഐ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രത്‌നാകര്‍ ഷെട്ടി അഭിപ്രായപ്പെട്ടു.
താരങ്ങളെ തിരഞ്ഞെടുക്കേണ്ട രീതി പറഞ്ഞു തരേണ്ടിയിരുന്നത് സ്‌പോര്‍ട്‌സ് മിനിസ്ട്രിയാണ്. അവര്‍ അത് പറഞ്ഞില്ല. എന്നാല്‍ തങ്ങള്‍ക്ക് എന്തുകൊണ്ടാണ് നോമിനേറ്റ് ചെയ്യേണ്ടവരുടെ രീതി കിട്ടാതിരുന്നതെന്നാണ് മിനിസ്ട്രി ചോദിക്കുന്നത്- അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ താരങ്ങളെ എങ്ങനെ തിരഞ്ഞെടുക്കണമെന്നത് ഇന്റര്‍നെറ്റില്‍ ലഭ്യമായിരുന്നെന്നും അക്കാരണം കൊണ്ടാണ് അത് പ്രത്യേകം പരാമര്‍ശിക്കാതിരുന്നതെന്നും കായികമന്ത്രി അജയ് മാക്കന്‍ പറഞ്ഞു. എന്തായാലും കായികമന്ത്രാലയവും ബി.സി.സി.ഐയും തമ്മിലുള്ള ഈ ധാരണപ്പിശക് താരങ്ങളുടെ അവാര്‍ഡിനുള്ള അവസരമാണ് നഷ്ടമാക്കിയത്.