ലഹരി ഉപയോഗത്തിനിടയിലോ വില്‍പനക്കിടയിലോ മരിക്കുന്നവരുടെ സംസ്‌കാരം നടത്തില്ല: പള്ളി കമ്മിറ്റി
national news
ലഹരി ഉപയോഗത്തിനിടയിലോ വില്‍പനക്കിടയിലോ മരിക്കുന്നവരുടെ സംസ്‌കാരം നടത്തില്ല: പള്ളി കമ്മിറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th May 2023, 6:52 pm

ദിസ്പുര്‍: ലഹരി ഉപയോഗത്തിനിടയിലോ വില്‍പനയ്ക്കിടയിലോ മരണപ്പെടുന്നവരുടെ മൃതദേഹം സംസ്‌കരിക്കില്ലെന്നും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കില്ലെന്നും അസമിലെ മൊറിഗന്‍ ജില്ലയിലെ മൊയ്‌റാബറി പള്ളി കമ്മിറ്റി.

മയക്കുമരുന്ന് വിപത്തില്‍ നിന്ന് മോചനം ലഭിക്കാന്‍ വേണ്ടിയാണ് ഈ തീരുമാനമെന്നാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്.

കമ്മിറ്റിയുടെ യോഗത്തിലെടുത്ത തീരുമാനമാണിത്. ലഹരി ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമാണിതെന്ന് ഖബര്‍സ്ഥാന്‍ കമ്മിറ്റി പ്രസിഡന്റായ മെഹ്ബൂബ് മുഖ്താര്‍ പറഞ്ഞു.

‘കമ്മിറ്റിയുടേത് ധീരതയാര്‍ന്ന തീരുമാനമാണ്. ലഹരി ഉപയോഗത്തിനിടയില്‍ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കില്ല. ഈ പ്രദേശത്തെ ലഹരി ഉപയോഗത്തിനെതിരെയാണ് തീരുമാനമെടുത്തിട്ടുള്ളത്,’ അദ്ദേഹം പറഞ്ഞു.

മൊയ്‌റാബരിയിലും സമീപ പ്രദേശങ്ങളിലും അനധികൃത ലഹരി ഉപയോഗം കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരവധി കുട്ടികളും ലഹരിക്കടിമയായിട്ടുണ്ടെന്നും മെഹ്ബൂബ് പറഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ മയക്ക് മരുന്നിനെതിരെ പോരാടുന്നുണ്ടെന്ന് കമ്മിറ്റിയുടെ തീരുമാനത്തിന് പിന്നാലെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ട്വീറ്റ് ചെയ്തു.

‘രണ്ട് വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ മയക്ക് മരുന്നിനെതിരെ പോരാടുന്നു. ഇതുവരെ 9,309 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 1430 കോടി വില വരുന്ന ലഹരി ഉല്‍പ്പന്നങ്ങളും കണ്ടുകെട്ടിയിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.

content highlight: No cremation of those who die during drug use or sale: Church Committee