ബംഗാളില്‍ ഇടതുപക്ഷവുമായി സഖ്യത്തിനില്ല; സി.പി.ഐ.എം ധാരണകള്‍ തെറ്റിച്ചെന്ന് കോണ്‍ഗ്രസ്
D' Election 2019
ബംഗാളില്‍ ഇടതുപക്ഷവുമായി സഖ്യത്തിനില്ല; സി.പി.ഐ.എം ധാരണകള്‍ തെറ്റിച്ചെന്ന് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th March 2019, 7:33 pm

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. പി.സി.സി അധ്യക്ഷന്‍ സോമേന്ദ്ര നാഥ് മിത്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് തീരുമാനം.

ധാരണകള്‍ മറികടന്ന് സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ പിന്‍മാറ്റം. കോണ്‍ഗ്രസ് ആവശ്യപ്പെട്ട പുരുളിയ, ബാഷിര്‍ഹട്ട് മണ്ഡലങ്ങള്‍ സി.പി.ഐക്കും ഫോര്‍വേഡ് ബ്‌ളോക്കിനുമായി സി.പി.ഐ.എം സീറ്റ് നല്‍കിയതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്.

ഇതോടെ ബി.ജെ.പിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും ഒരുപോലെ എതിര്‍ത്തുകൊണ്ട് കൂടുതല്‍ സീറ്റ് നേടുക എന്ന ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കാനുള്ള ശ്രമങ്ങളാണ് അവസാനിച്ചത്.

Read Also : നിസ്‌കാര നിര കൊണ്ട് എംബ്ലം വരച്ച് ന്യൂസിലാന്റ്; ഭീകരാക്രമണത്തിലെ ഇരകളെ ചേര്‍ത്ത് പിടിച്ച് ക്രിക്കറ്റ് താരം വില്ല്യംസണും

സി.പി.ഐ.എം തങ്ങളോട് ചെയ്തത് മര്യാദയില്ലാത്ത പ്രവൃത്തിയാണെന്നായിരുന്നു കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയത്. 42 ല്‍ 25 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കഴിഞ്ഞ ദിവസം സി.പി.ഐ.എം പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും സഖ്യത്തിലായിരുന്നു മത്സരിച്ചത്. സി.പി.ഐഎമ്മിന് 20 ശതമാനത്തോളം വോട്ടും കോണ്‍ഗ്രസിന് 12 ശതമാനം വോട്ടുമായിരുന്നു ലഭിച്ചത്.

ഇരുപാര്‍ട്ടികളും ഒറ്റക്ക് മത്സരിച്ച 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നാലും സി.പി.എമ്മിന് രണ്ടും സീറ്റുകളാണ് ലഭിച്ചത്. ബഹരാംപുര്‍, ജംഗിപുര്‍, മാല്‍ഡ ഉത്തര്‍, മാല്‍ഡ ദക്ഷിണ്‍ എന്നീ മണ്ഡലങ്ങളാണ് കോണ്‍ഗ്രസ് വിജയിച്ചത്.

ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് നീക്കി മതേതര സര്‍ക്കാരിനെ അധികാരത്തിലേറ്റുക, ലോക്സഭയില്‍ സി.പി.ഐ.എമ്മിന്റെയും ഇടത്പക്ഷത്തിന്റെയും അംഗബലം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് സി.പി.ഐ.എം കോണ്‍ഗ്രസുമായി ധരണയിലെത്തിയത്. ഇതാണ് തെരഞ്ഞെടുപ്പിന് ആഴ്ച്ചകള്‍ മാത്രം ബാക്കി നില്‍ക്കെ പൊളിഞ്ഞിരിക്കുന്നത്.