| Monday, 19th April 2021, 10:08 am

കുംഭ മേളയിലും റംസാന്‍ ആഘോഷങ്ങളിലും പങ്കെടുക്കുന്നവര്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെന്ന് അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കുംഭ മേളയിലും റംസാന്‍ ആഘോഷങ്ങളിലും പങ്കെടുക്കുന്നവര്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇത്തരം രീതി അനുവദിക്കാന്‍ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു.

”കുംഭ മേളയായാലും റംസാന്‍ ആയാലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്ന പെരുമാറ്റമല്ല ഉണ്ടായത്. ഇത് അനുവദിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് കുംഭ മേള ഇപ്പോള്‍ പ്രതീകാത്മകമായി മാറ്റിയത്” അമിത് ഷാ ടൈംസ് നൗ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കൊവിഡ് പടരുന്ന വേഗത തീര്‍ച്ചയായും പ്രശ്നമുള്ള കാര്യമാണെന്നും എന്നാല്‍ പകര്‍ച്ചവ്യാധിക്കെതിരായ രണ്ടാമത്തെ പോരാട്ടത്തില്‍ വിജയിക്കുമെന്ന് തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ഹരിദ്വാറില്‍ കുംഭ മേള നടന്നത്. ഇതിന് പിന്നാലെ മേളയില്‍ പങ്കെടുത്ത സന്യാസിമാര്‍ക്കുള്‍പ്പെടെ നിരവധിപേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.

അതേസമയം,രാജ്യത്ത് നിലവില്‍ 2,61,500 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടാഴ്ചക്കിടെ 12 ലക്ഷം പേരാണ് രോഗബാധിതരായത്. കഴിഞ്ഞ ദിവസത്തേക്കാള്‍ ഒറ്റയടിക്ക് 26,808 രോഗികളാണ് രാജ്യത്ത് വര്‍ധിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 1.47 കോടിയായി.

കഴിഞ്ഞ ദിവസവും മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. 67,123 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ പുതുതായി രോഗം ബാധിച്ചത്. 27,334 കേസുകളുമായി ഉത്തര്‍പ്രദേശാണ് രണ്ടാം സ്ഥാനത്ത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,501 പേരാണ് രാജ്യത്ത് കൊവിഡ് മൂലം മരണപ്പെട്ടത്. ഇതോടെ ആകെ മരണം 1,77,150 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ചത്. 419 പേര്‍ മഹാരാഷ്ട്രയിലും ദല്‍ഹിയില്‍ 167 പേരും മരിച്ചു. 1,28,09,643 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡില്‍ നിന്ന് രോഗമുക്തി ഉണ്ടായത്. നിലവില്‍ 18,01,316 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Conetnet Highlights: No Covid-appropriate behaviour in Kumbh, Ramzan, says Amit Shah

We use cookies to give you the best possible experience. Learn more