| Saturday, 25th April 2020, 4:32 pm

വയനാട് കൊവിഡ് മുക്ത ജില്ലയായി; മൂന്നാമത്തെ രോഗിയുടെ സാംപിളും നെഗറ്റീവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പറ്റ: മൂന്നാമത്തെ രോഗിയുടെ സാംപിള്‍ ഫലം കൂടി നെഗറ്റീവായതോടെ വയനാട് കൊവിഡ് മുക്ത ജില്ലയായി. മൂപ്പൈനാട് നെടുങ്കരണ സ്വദേശിയുടെ സാംപിള്‍ പരിശോധനാ ഫലമാണ് ഇന്ന് പുറത്തുവന്നത്. ഇദ്ദേഹം മാര്‍ച്ച് 22ന് അബുദാബിയില്‍ നിന്നെത്തിയ ആളാണ്. 30നു രോഗം സ്ഥിരീകരിച്ചു.

കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ 1,309 പേര്‍കൂടി നിരീക്ഷണകാലം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതോടെ ജില്ലയില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയവരുടെ എണ്ണം മൊത്തം 11,555 പേരായി.

ബുധനാഴ്ച ജില്ലയില്‍ 29 പേരെ പുതുതായി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 2,192 ആണ്. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് എട്ടുപേരാണ്.

ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളില്‍ 2,175 വാഹനങ്ങളിലായെത്തിയ 3,293 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കുംതന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. മറ്റു ജില്ലകളില്‍നിന്ന് വയനാട്ടില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് ദിവസവും വീട്ടില്‍ പോയി വരുന്നതിനു അനുവാദം നല്‍കില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ല പറഞ്ഞു.ആഴ്ചയില്‍ ഒരിക്കല്‍ പോയിവരുന്നത് പരിഗണിക്കും.

ഒറ്റയ്ക്ക് താമസിക്കുന്ന പ്രായാധിക്യമുള്ളവരുടെ വിവിധങ്ങളായ ആവശ്യങ്ങള്‍ക്ക് ഫയര്‍ഫോഴ്‌സിനെയോ പൊലിസിനെയോ ബന്ധപ്പെടാവുന്നതാണ്. ജില്ലാ അതിര്‍ത്തികളില്‍ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ ടീമിനെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more