ന്യൂദൽഹി: ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് സത്യപ്രതിജ്ഞ ചെയ്യാനാകാതെ എൻജിനീയർ റാഷിദും അമൃത്പാൽ സിങ്ങും. ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ നിന്ന് രണ്ട് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച അബ്ദുൽ റാഷിദ് ശൈഖ് എന്ന എൻജിനീയർ റാഷിദ് നിലവിൽ തീഹാർ ജയിലിലാണ്.
പഞ്ചാബിലെ ഖദൂർ സാഹിബ് മണ്ഡലത്തിൽ നിന്ന് രണ്ടുലക്ഷത്തിനടുത്ത് വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ട അമൃതപാൽ സിങ് ദേശീയ സുരക്ഷാ നിയമപ്രകാരം ജയിലിലാണ്.
എൻജിനീയർ റാഷിദിന്റെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ജാമ്യാപേക്ഷ പരിഗണിക്കുന്നത് ദൽഹി ഹൈക്കോടതി ജൂലൈ ഒന്നിലേക്ക് മാറ്റി വെക്കുകയായിരുന്നു. യു.എ.പി.എ ചുമത്തപ്പെട്ട് അറസ്റ്റിലായ എൻജിനീയർ റാഷിദ് പട്യാല ഹൗസ് കോടതിയിൽ ജാമ്യ അപേക്ഷ നൽകിയിരുന്നു. ജമ്മുകശ്മീരിലെ മുൻ മുഖ്യമന്ത്രിയായിരുന്ന ഒമർ അബ്ദുള്ളയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
Also Read: ഫലസ്തീൻ അനുകൂല ക്യാമ്പ്: വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് വാട്ടർലൂ യൂണിവേഴ്സിറ്റി
അസമിലെ ദിബ്രുഗഡ് ജയിലിലാണ് അമൃത്പാൽ സിങ് ഇപ്പോഴുള്ളത്. പഞ്ചാബിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മറ്റ് 12 എം.പിമാരും ചൊവ്വാഴ്ച പാർലമെന്റിൽ സത്യപ്രതിജ്ഞ ചൊല്ലിയിരുന്നു. എന്നാൽ തടങ്കലിലായതിനാൽ അമൃതപാൽ സിങ്ങിന് സത്യപ്രതിജ്ഞ ചൊല്ലാനായില്ല.
എം.പിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനായി തന്നെ തടങ്കലിൽ നിന്ന് താത്കാലികമായി മോചിപ്പിക്കണമെന്ന് സിങ് ജൂൺ 11ന് പഞ്ചാബ് സർക്കാരിന് കത്തെഴുതിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ കത്തിന് ലഭിച്ച മറുപടിയുടെ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
‘വാരിസ് പഞ്ചാബ് ദേ’ പാർട്ടിയുടെ തലവനായ സിങ് ഇപ്പോൾ എൻ.എസ്.എയുടെ കീഴിൽ തന്റെ ഒമ്പത് കൂട്ടാളികൾക്കൊപ്പം അസമിലെ ദിബ്രുഗഡ് ജയിലിലാണ്. ഈ അടുത്തായി അദ്ദേഹത്തിന്റെ തടവ് ശിക്ഷ ഏപ്രിൽ 23 മുതൽ ഒരു വർഷത്തേക്ക് കൂടി നീട്ടിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ മൂന്ന് ദിവസം മുമ്പ് ആണ് പഞ്ചാബ് സർക്കാർ ഈ ഉത്തരവ് പുറത്തിറക്കിയത്. ഖാലിസ്ഥാനി അനുഭാവിയായ ഇദ്ദേഹത്തിന്റെ പേരിൽ പത്തോളം കേസുകൾ പൊലീസ് എടുത്തിട്ടുണ്ട്. കോൺഗ്രസിന്റെ കുൽബീർ സിങ് സൈറയെ ആണ് അമൃതപാൽ സിങ് പരാജയപ്പെടുത്തിയത്.
സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ഇരുവരും ലോക്സഭയിൽ മത്സരിച്ചത്.
Content Highlight: no court relief for engineer rashid and amruthpal