| Wednesday, 18th September 2019, 7:03 pm

'ഒരു രാജ്യത്തും ജനങ്ങളെ ഗ്യാസ് ചേംബറിലേക്കു തള്ളിവിടാറില്ല'; ഇന്ത്യയില്‍ ജാതിവിവേചനവും തൊട്ടുകൂടായ്മയും നിലനില്‍ക്കുന്നു- തോട്ടിപ്പണിയെക്കുറിച്ച് സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയിലെ തോട്ടിപ്പണിക്കാരെക്കുറിച്ച് ആശങ്കയറിയിച്ച് സുപ്രീംകോടതി. ലോകത്ത് മറ്റൊരു രാജ്യത്തും ജനങ്ങളെ മരിക്കാന്‍ ഗ്യാസ് ചേംബറിലേക്കു തള്ളിവിടാറില്ലെന്ന് കോടതി നിരീക്ഷണം നടത്തി.

സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷത്തിലധികം പിന്നിട്ടും ജാതിവിവേചനം ഇപ്പോഴും രാജ്യത്തു നിലനില്‍ക്കുന്നുണ്ടെന്നും തോട്ടിപ്പണിയെക്കുറിച്ച് കോടതി പറഞ്ഞു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണു നിര്‍ണായകമായ നിരീക്ഷണം.

മാന്‍ഹോളുകളും ഓടകളും വൃത്തിയാക്കാനിറങ്ങുന്നവര്‍ക്ക് എന്തുകൊണ്ടാണ് മാസ്‌കും ഓക്‌സിജന്‍ സിലിണ്ടറും അടക്കമുള്ള ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഇപ്പോഴും നല്‍കാത്തതെന്ന് കോടതി കേന്ദ്രത്തിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിനോടു ചോദിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തോട്ടിപ്പണി കാരണം മാസം തോറും നാലുമുതല്‍ അഞ്ചുവരെ പേര്‍ രാജ്യത്തു മരിക്കുന്നുണ്ടെന്നും ജസ്റ്റിസുമാരായ എം.ആര്‍ ഷാ, ബി.ആര്‍ ഗവായ് എന്നിവര്‍ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു.

‘എല്ലാ മനുഷ്യരും തുല്യരാണെന്നാണു ഭരണഘടന പറയുന്നത്. പക്ഷേ അവര്‍ക്ക് അധികൃതര്‍ തുല്യമായ സംവിധാനങ്ങളൊന്നും നല്‍കുന്നില്ല.

ഓടകളും മാന്‍ഹോളുകളും വൃത്തിയാക്കാനിറങ്ങുന്ന അവര്‍ക്ക് ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നല്‍കാത്തത് മനുഷ്യത്വരഹിതമായ നടപടിയാണ്.’- ബെഞ്ച് നിരീക്ഷിച്ചു.

പട്ടികജാതി-പട്ടികവര്‍ഗ നിയമം ഭേദഗതി കഴിഞ്ഞവര്‍ഷം ലഘൂകരിച്ച വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇക്കാര്യത്തില്‍ ഓടകള്‍ വൃത്തിയാക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനാവില്ലെന്നും അതിനു ബന്ധപ്പെട്ട സൂപ്പര്‍വൈസേഴ്‌സിനും അധികൃതര്‍ക്കും എതിരെയേ പാടുള്ളൂവെന്നും അറ്റോര്‍ണി ജനറല്‍ കോടതിയില്‍ വ്യക്തമാക്കി.

രാജ്യത്തു നിലനില്‍ക്കുന്ന തൊട്ടുകൂടായ്മയെക്കുറിച്ചും കോടതിയുടെ നിരീക്ഷണമുണ്ടായി.

‘രാജ്യത്തു ഭരണഘടന തൊട്ടുകൂടായ്മ നിരോധിച്ചതു മാറ്റിനിര്‍ത്തി ചോദിക്കട്ടെ. നിങ്ങള്‍ ജനങ്ങളോടാണു ചോദിക്കുന്നത്. നിങ്ങള്‍ അവര്‍ക്കു ഹസ്തദാനം നല്‍കുമോ? ഇല്ല എന്നാണുത്തരം. ഈ വഴിയില്‍ക്കൂടിയാണു നമ്മള്‍ സഞ്ചരിക്കുന്നത്. സാഹചര്യം മെച്ചപ്പെട്ടേ മതിയാവൂ.

സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷം പിന്നിട്ടിട്ടും ഇപ്പോഴും സംഭവിക്കുന്നത് ഇങ്ങനെയൊക്കെയാണ്.’- ജസ്റ്റിസ് മിശ്ര പറഞ്ഞു.

We use cookies to give you the best possible experience. Learn more