ന്യൂദല്‍ഹി: രാജ്യത്തെ സാധാരണക്കാരായ ജനങ്ങളിലേക്ക് വാക്‌സിനെത്താന്‍ 2022 വരെ കാത്തിരിക്കണമെന്ന് എയിംസ് ഡയറക്ടറും രാജ്യത്തെ കൊവിഡ് ടാസ്‌ക് ഫോഴ്‌സ് മാനേജ്‌മെന്റ് ഗ്രൂപ്പിലെ അംഗവുമായ ഡോക്ടര്‍ രണ്‍ദീപ് ഗുലേറിയ. ഒരു വര്‍ഷത്തിന് ശേഷം കൊവിഡ് വാക്‌സിന്‍ ഇന്ത്യന്‍ വിപണിയില്‍ സുലഭമായി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിഎന്‍.എന്‍ ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സാധാരണക്കാര്‍ക്ക് വാക്‌സിന്‍ ലഭിക്കാന്‍ ഇനിയും ഒരു വര്‍ഷമെങ്കിലും എടുക്കും. വലിയ ജനസംഖ്യയാണ് ഉള്ള രാജ്യമാണ് നമ്മുടേത്. പനിക്കുള്ള വാക്‌സിന്‍ ലഭിക്കുന്നത് പോലെ നമ്മുടെ മാര്‍ക്കറ്റുകളില്‍ കൊവിഡ് വാക്‌സിന്‍ എത്തുന്നതിനായി ഇനിയും സമയം ആവശ്യമാണ്. ഇതാണ് നിലവിലെ യഥാര്‍ത്ഥ സാഹചര്യം,’ രണ്‍ദീപ് ഗുലേറിയ പറഞ്ഞു.
രാജ്യത്തിന്റെ എല്ലായിടത്തും കൊവിഡ് വാക്‌സിന്‍ എത്തിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് ലക്ഷ്യം വെക്കുന്നത്. ആവശ്യമുള്ള സിറിഞ്ചുകള്‍, സൂചികള്‍ എന്നിവ ആവശ്യമാണെന്നും വിദൂര പ്രദേശങ്ങളിലടക്കം തടസമില്ലാതെ വാക്‌സിനുകള്‍ എത്തിക്കാന്‍ കഴിയുക എന്നത് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദ്യത്തെ വാക്‌സിന് പുറമെ മറ്റൊരു വാക്‌സിന്‍ കൂടി കണ്ടു പിടിക്കപ്പെട്ടാല്‍ ഏതിന് പ്രാധാന്യം കൊടുക്കണം എന്നതും വലിയൊരു വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
‘പുതിയൊരു വാക്‌സിന്‍ കൂടി ഇനി കണ്ടു പിടിച്ചെന്നിരിക്കട്ടെ, ആദ്യത്തേതിനേക്കാള്‍ മികച്ചതാണിതെന്ന് എങ്ങനെ വിലയിരുത്തും? അതിനെ ഏത് സ്ഥാനത്ത് നിര്‍ത്തും? വാക്‌സിന്‍ നല്‍കുന്നതില്‍ പിന്നീട് എങ്ങനെ മാറ്റം വരുത്തും? വാക്‌സിന്‍ എ ആര്‍ക്കാണ് നല്‍കേണ്ടത്, വാക്‌സിന്‍ ബി ആര്‍ക്കാണ് നല്‍കേണ്ടത് എന്നത് സംബന്ധിച്ച് എന്ത് തീരുമാനമെടുക്കും? മുന്നോട്ട് പോകുമ്പോള്‍ ധാരാളം തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്,’ അദ്ദേഹം പറഞ്ഞു.
മാസ്‌കും മറ്റു പ്രതിരോധ മാര്‍ഗങ്ങളും തുടരണമെന്നും കൊവിഡ് പെട്ടെന്ന് അപ്രത്യക്ഷമാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കാത്തതും ആളുകള്‍ കൂട്ടമായി നിരത്തിലേക്കിറങ്ങിയതും കേരളത്തില്‍ ഓണത്തിന് ശേഷം കൊവിഡ് കേസുകളിലുണ്ടായ വര്‍ധനവിന് കാരണമായെന്നും ഇത് മറ്റു സംസ്ഥാനങ്ങളിലും സംഭവിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക