പ്രതിമകൾ മാറ്റാനുള്ള തീരുമാനം ഏകപക്ഷീയം; ഓരോ പ്രതിമയുടെയും സ്ഥാനത്തിന് മൂല്യവും പ്രാധാന്യവുമുണ്ട്; സ്പീക്കർക്ക് കത്തയച്ച് ഖാർഗെ
national news
പ്രതിമകൾ മാറ്റാനുള്ള തീരുമാനം ഏകപക്ഷീയം; ഓരോ പ്രതിമയുടെയും സ്ഥാനത്തിന് മൂല്യവും പ്രാധാന്യവുമുണ്ട്; സ്പീക്കർക്ക് കത്തയച്ച് ഖാർഗെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th June 2024, 3:28 pm

ന്യൂദൽഹി: മഹാത്മാഗാന്ധി, ബി.ആർ. അംബേദ്കർ തുടങ്ങിയവരുടെ പ്രതിമകൾ പാർലമെൻ്റ് സമുച്ചയത്തിലെ പുതിയ സ്ഥലത്തേക്ക് മാറ്റിയ സംഭവത്തിൽ ലോക്‌സഭാ സ്പീക്കർക്കും രാജ്യസഭാ ചെയർമാനും കത്തയച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.

ദേശീയ നേതാക്കളുടെ പ്രതിമകൾ നിലവിലുണ്ടായിരുന്ന സ്ഥലത്ത് നിന്നും മാറ്റിസ്ഥാപിച്ചത് വേണ്ടത്ര ആലോചനയുടെ അടിസ്ഥാനത്തിലല്ല. ഒരു കൂടിയാലോചനകളും ഇല്ലാതെ പക്ഷപാതപരമായ തീരുമാനമാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് അദ്ദേഹം കത്തിൽ പറഞ്ഞു.

‘ഒരു കൂടിയാലോചനയും കൂടാതെ ഏകപക്ഷീയമായി ഈ പ്രതിമകൾ നീക്കം ചെയ്യുന്നത് നമ്മുടെ ജനാധിപത്യ സ്വഭാവത്തിന്റെ അടിസ്ഥാന ലംഘനമാണ്. മഹാത്മാഗാന്ധിയുടെയും ഡോ. ​​ബാബാസാഹേബ് അംബേദ്കറുടെയും മറ്റ് ദേശീയ നേതാക്കളുടെയും പ്രതിമകൾ കൃത്യമായ ആലോചനകൾക്കും പരിഗണനകൾക്കും ശേഷമാണ് പ്രമുഖ സ്ഥലങ്ങളിൽ സ്ഥാപിച്ചതെന്ന് പ്രത്യേകം പറയേണ്ടതില്ല. പാർലമെൻ്റ് ഹൗസ് സമുച്ചയത്തിലുടനീളമുള്ള ഓരോ പ്രതിമയുടെയും സ്ഥാനത്തിന് വളരെയധികം മൂല്യവും പ്രാധാന്യവും ഉണ്ട്,’ കത്തിൽ പറയുന്നു.

പാർലമെന്റ് അങ്കണത്തിലെ മഹാത്മാഗാന്ധി, ബി.ആർ. അംബേദ്കർ, ഛത്രപതി ശിവജി എന്നിവരടക്കമുള്ളവരുടെ പ്രതിമകൾ പഴയ പാർലമെന്റ് മന്ദിരത്തിന്റെ പരിസരത്തേക്ക് മാറ്റിയിരുന്നു. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മാറ്റം എന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്.

പാർലമെന്റ് ഹൗസ് കോംപ്ലക്സിൽ ദേശീയ നേതാക്കളുടെയും എം.പിമാരുടെയും ചിത്രങ്ങളും ശില്പങ്ങളും മാറ്റി സ്ഥാപിക്കുന്നതിന് ഒരു സമിതിയുണ്ടെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. എന്നാൽ 2019 മുതൽ ആ സമിതി പുനഃസംഘടിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.

പ്രതിമകൾ മാറ്റി സ്ഥാപിച്ചതിനെതിരെ പ്രതിപക്ഷ കക്ഷികൾ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഗാന്ധിയുടെയും അംബേദ്കറിൻ്റെയും പ്രതിമകൾക്ക് മുമ്പിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.

Content Highlight: No consultation on relocation of Gandhi, Ambedkar statues in Parliament, Kharge writes to Speaker