ന്യൂദല്‍ഹി: ആസൂത്രണ കമ്മീഷന് പകരം നിലവില്‍ വരുന്ന പുതിയ സംവിധാനത്തിന്‍ മേല്‍ സമവായമായില്ല. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ച് ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരാണ് പുതിയ സംവിധാനത്തെ എതിര്‍ത്തത്. നിലവിലെ ആസൂത്രണ കമ്മീഷന്‍ പുതിയ രൂപത്തിലേക്ക് പുനസംഘടിപ്പിക്കണം എന്ന ആവശ്യമാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ നേതൃത്വത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് പങ്കാളിത്തവും ഫെഡറല്‍ തത്ത്വങ്ങളില്‍ അധിഷ്ഠിതവുമായ പുതിയ സംവിധാനമായിരിക്കും നിലവില്‍ വരികയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
നീക്കവുമായി മുന്നോട്ട് പോവുമെന്നാണ് ഇത് സംബന്ധിച്ച് നരേന്ദ്ര മോദി അറിയിച്ചത്. സംവിധാനം ഉടച്ച് വാര്‍ത്ത് പുതിയത് രൂപീകരിക്കേണ്ട ആവശ്യകത നേരത്ത മന്‍മോഹന്‍ സിംങ് തന്നെ ഉന്നയിച്ചിരുന്നുവെന്ന കാര്യവും മോദി യോഗത്തില്‍ പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ആസൂത്രണ കമ്മീഷന്‍ പിരിച്ച് വിട്ട് പുതിയ സംവിധാനം രൂപീകരിക്കുമെന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നത്.
സംസ്ഥാനങ്ങളുടെ പ്രതിനിധികളടക്കം എട്ടോ പത്തോ സ്ഥിരം അംഗങ്ങളും വിവിധ മേഖലകളിലെ വിദഗ്ധരും ഉള്‍പ്പെടുന്ന സംവിധാനമാണ് രൂപീകരിക്കുക. ആസൂത്രണസെക്രട്ടറി സിന്ധുശ്രീ ഖള്ളാര്‍ ആണ് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ഇതേക്കുറിച്ച് വിശദീകരിച്ചത്. “ടീം ഇന്ത്യ”യെന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ബദല്‍സംവിധാനം ഉണ്ടാവുക. മൂന്നു ഘടകങ്ങളായാണ് ടീം ഇന്ത്യയുടെ പ്രവര്‍ത്തനം. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ മൂന്ന് ടീമുകളാണ്.
യോഗത്തില്‍ മമത ബാനര്‍ജി, തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കശ്മീര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുത്തിരുന്നില്ല.