national news
കോണ്‍ഗ്രസുമായി സഖ്യത്തിനില്ല; ബംഗാളില്‍ തൃണമൂല്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 11, 05:11 am
Tuesday, 11th February 2025, 10:41 am

കൊല്‍ക്കത്ത: 2026 പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യസാധ്യതകള്‍ നിഷേധിച്ച് മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്നും തൃണമൂല്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും മമത പ്രഖ്യാപിച്ചു.

മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്നും മമത പറഞ്ഞു. വരാനിരിക്കുന്ന സംസ്ഥാന ബജറ്റിന് മുന്നോടിയായി ടി.എം.സി എം.എല്‍.എമാരുമായി നടത്തിയ യോഗത്തില്‍ മമത ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

ദേശീയ തലത്തില്‍ ബി.ജെ.പിയെ പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും മമത വിമര്‍ശിച്ചു.

ഹരിയാനയില്‍ ആം ആദ്മി കോണ്‍ഗ്രസിനെ പിന്തുണച്ചില്ല, ദല്‍ഹിയില്‍ കോണ്‍ഗ്രസ് എ.എ.പിയെയും പിന്തുണച്ചില്ല. ഇക്കാരണത്താല്‍ രണ്ടിടത്തും ബി.ജെ.പിക്ക് വിജയിക്കാനായി. എന്നാല്‍ ഇത്തരത്തില്‍ ഒരു സാഹചര്യം ബംഗാളില്‍ ഇല്ലെന്ന് മമത പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബി.ജെ.പി വിദേശികളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് മമത പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. പ്രതിപക്ഷ വോട്ടുകള്‍ വിഭജിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മമത പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

2025 ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരേ മുന്നണിയിലിരിക്കെ പരസ്പരം മത്സരിച്ച് എ.എ.പിയും കോണ്‍ഗ്രസും തോല്‍വി ഏറ്റുവാങ്ങിയ സാഹചര്യത്തിലാണ് മമതയുടെ പ്രഖ്യാപനം.

2022ല്‍ 70ല്‍ 62 സീറ്റുമായി അധികാരത്തിലേറിയ ആം ആദ്മി ഇത്തവണ 22 സീറ്റിലേക്ക് ഒതുങ്ങുകയായിരുന്നു. 27 വര്‍ഷത്തിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങുന്ന ബി.ജെ.പി 48 സീറ്റിലാണ് വിജയം കണ്ടത്.

അതേസമയം വരാനിരിക്കുന്ന ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ടി.എം.സി വിജയം രുചിച്ചാല്‍ മമതയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തുടര്‍ച്ചയായ നാലാം തവണയും അധികാരത്തിലേറും.

ദല്‍ഹി തെരഞ്ഞെടുപ്പിന് പിന്നാലെ മമതക്ക് മുന്നറിയിപ്പുമായി ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി രംഗത്തെത്തിയിരുന്നു. ‘കാത്തിരുന്നോളൂ, അടുത്തത് നിങ്ങളാണ്’ എന്നാണ് സുവേന്ദു പറഞ്ഞത്.

2026ല്‍ ബി.ജെ.പി ബംഗാള്‍ പിടിച്ചടക്കുമെന്നും സുവേന്ദു പ്രഖ്യാപിച്ചിരുന്നു. ദല്‍ഹിയിലെ വോട്ടര്‍മാരെ പോലെ ബംഗാളിലെ ജനങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് ബി.ജെ.പി നേതാവ് സുകാന്ത മജുംദാറും പ്രതികരിച്ചിരുന്നു.

Content Highlight: No Congress tie-up, Mamata Banerjee says party will contest 2026 Bengal polls alone