'ദിനംപ്രതി വിശ്വാസം നഷ്ടപ്പെട്ട് എന്‍.ഡി.എ'; കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവുമായി സി.പി.ഐ.എമ്മും
No-confidence Motion
'ദിനംപ്രതി വിശ്വാസം നഷ്ടപ്പെട്ട് എന്‍.ഡി.എ'; കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവുമായി സി.പി.ഐ.എമ്മും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th March 2018, 3:17 pm

ന്യൂദല്‍ഹി: തെലുങ്ക് ദേശം പാര്‍ട്ടിക്കും വൈ.എസ്.ആര്‍ കോണ്‍ഗ്രസിനും കോണ്‍ഗ്രസിനും പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി സി.പി.ഐ.എമ്മും. പി. കരുണാകരന്‍ എം.പിയാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന് അവയ്‌ലബിള്‍ പി.ബി യോഗത്തിലാണ് അവിശ്വാസ പ്രമേയത്തിനുള്ള തീരുമാനെ എടുത്തത്. നോട്ടീസ് നാളെ പരിഗണിക്കപ്പെടുമെന്നാണ് കരുതുന്നത്.

ജഗന്‍മോഹന്‍ റെഡ്ഡി നയിക്കുന്ന വൈ.എസ്.ആര്‍ കോണ്‍ഗ്രസും എന്‍.ഡി.എ വിട്ട് പുറത്ത് വന്ന തെലുങ്ക് ദേശം പാര്‍ട്ടിയും നേരത്തെ തന്നെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസും നോട്ടീസ് നല്‍കി. എ.ഐ.ഡി.എം.കെ, ആം ആദ്മി പാര്‍ട്ടി, എ.ഐ.എം.ഐ.എം തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രമേയത്തെ പിന്തുണക്കുമെന്ന് അറിയിച്ചിരുന്നു. എന്‍.ഡി.എ സര്‍ക്കാരിനെതിരെയുള്ള ആദ്യ അവിശ്വാസ പ്രമേയമാണിത്.


Read Also: ദേശീയപാതയ്‌ക്കെതിരെ സമരം ചെയ്യുന്നത് ശരിയല്ല; കീഴാറ്റൂരില്‍ ബൈപ്പാസ് വേണം: പി.സി.ജോര്‍ജ്


നോട്ടീസ് അനുമതിക്ക് കുറഞ്ഞത് 50 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. കോണ്‍ഗ്രസിന് ലോക്‌സഭയില്‍ 48 എം.പിമാരുണ്ട്. ടി.ഡി.പിക്ക് 16 എം.പിമാരും. എ.ഐ.ഡി.എം.കെയ്ക്ക് 37, വൈ.എസ്.ആര്‍ കോണ്‍ഗ്രസിനും സി.പി.ഐ.എമ്മിനും 9 വീതം, എ.ഐ.എം.ഐ.എമ്മിന് ഒന്ന് എന്നിങ്ങനെയാണ് അംഗബലം.

അതേസമയം, പ്രതിപക്ഷ കക്ഷികള്‍ മുഴുവന്‍ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചാലും കേവലഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകള്‍ ബി.ജെ.പിക്ക് ലോക്‌സഭയിലുണ്ട്. എന്നാല്‍ പ്രതിപക്ഷം ഒന്നിച്ച് നില്‍ക്കുന്നത് ഭാവിയില്‍ ബി.ജെ.പിയുടെ മുന്നേറ്റങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തും.