| Wednesday, 18th July 2018, 10:38 am

വര്‍ഷകാലസമ്മേളനത്തിനൊരുങ്ങി പാര്‍ലമെന്റ് ; അവിശ്വാസ പ്രമേയവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കാനിരിക്കെ എന്‍.ഡി.എ സര്‍ക്കാരിന് കനത്ത വെല്ലുവിളിയുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണ്. വര്‍ഷകാല സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനൊരുങ്ങുകയാണെന്ന് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

എന്‍.ഡി.എ ക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ തെലുഗുദേശം പാര്‍ട്ടി നേരത്തേ നോട്ടീസ് സമര്‍പ്പിച്ചിരുന്നു. സഭയിലെ സമാനചിന്താഗതിക്കാരായ ന്യൂനപക്ഷ പാര്‍ട്ടികളുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയത്തിന് സഖ്യം ചേരാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.


ALSO READ; അഭിമന്യു വധം; മുഖ്യപ്രതിയായ മുഹമ്മദലി പൊലീസ് പിടിയില്‍; മറ്റു പ്രതികളെ വിളിച്ച് വരുത്തിയത് മുഹമ്മദലി


അതേസമയം സി.പി.ഐ കേന്ദ്രസര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ കക്ഷികളായ വൈ.എസ്.ആര്‍ കോണ്‍ഗ്രസും,തെലുഗുദേശം പാര്‍ട്ടിയും ബജറ്റ് സെക്ഷനില്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് സമര്‍പ്പിച്ചെങ്കിലും സഭയ്ക്കുള്ളിലെ തര്‍ക്കങ്ങള്‍ കാരണം പിന്‍വലിക്കുകയായിരുന്നു.

ലോക്‌സഭാ ചട്ടങ്ങളനുസരിച്ച് സഭയിലെ 50 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ അവിശ്വാസപ്രമേയം പാസാക്കാന്‍ കഴിയുകയുള്ളു. നിശ്ചിത വിഷയത്തിന്‍മേല്‍ സഭ നടപടികള്‍ അലോസരപ്പെടുകയാണെങ്കില്‍ സ്പീക്കര്‍ക്ക് അംഗങ്ങളുടെ സംവാദത്തിന് അനുമതി നല്‍കാവുന്നതാണ്.

മുമ്പ് അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന് നേരേ കോണ്‍ഗ്രസ് അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നു. എന്നാല്‍ അത് മതിയായ പിന്തുണയില്ലാത്തതിനാല്‍ പ്രമേയം തള്ളിപ്പോയിരുന്നു.


ALSO READ: സംഘപരിവാറിനെ എതിര്‍ക്കുന്നതു പോലെ എസ്.ഡി.പി.ഐയെയും ഒരുമിച്ചുചേര്‍ന്ന് എതിര്‍ക്കണം: പി.കെ കുഞ്ഞാലിക്കുട്ടി


അതേസമയം നിലവില്‍ ആം ആദ്മി പാര്‍ട്ടിയുള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനൊരുങ്ങുന്നത്. സര്‍ക്കാരിന് ഇത് കനത്ത വെല്ലുവിളിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

We use cookies to give you the best possible experience. Learn more