തിരുവനന്തപുരം: സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരായ അവിശ്വാസ പ്രമേയം ലീഗ് എംഎല്‍.എ എം. ഉമ്മര്‍ നിയമസഭയില്‍ അവതരപ്പിച്ചു. സ്പീക്കര്‍ക്ക് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നും പ്രതികള്‍ക്കൊപ്പം ഉദ്ഘാടന വേദി പങ്കിട്ടു തുടങ്ങിയ ആരോപണങ്ങളാണ് സ്പീക്കര്‍ക്കെതിരെ ഉന്നയിച്ചത്.
പ്രതിയുമായി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത് അപകീര്‍ത്തികരമാണെന്നും സ്പീക്കറെ കസ്റ്റംസ് ഉടന്‍ ചോദ്യം ചെയ്യുമെന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണെന്നും പ്രമേയത്തില്‍ പറയുന്നു. സഭയുടെ നടത്തിപ്പിലും ക്രമക്കേടുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു.
നയപ്രഖ്യാപന പ്രസംഗം നടക്കുമ്പോള്‍ സ്പീക്കറുടെ സ്റ്റാഫിനെ കസ്റ്റംസ് ചോദ്യം ചെയ്തുവെന്നും ഉമ്മര്‍ ആരോപിച്ചു.
നിയമസഭ തീര്‍ന്നാല്‍ സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്നും പ്രമേയം വ്യക്തിപരമോ രാഷ്ട്രീയ പ്രേരിതമോ അല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിനിടെ ഭരണപക്ഷത്ത് നിന്ന് എസ്. ശര്‍മ്മ പ്രമേയത്തിനെതിരെ തടസ്സവാദം ഉന്നയിച്ചു.
സ്പീക്കറെ നീക്കം ചെയ്യണമെന്നാവശ്യപ്പെടുന്ന പ്രമേയം ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും നോക്കിക്കൊണ്ടുള്ളതാകണം. ആരുടെയും രാഷ്ട്രീയ താത്പര്യം പരിഗണിച്ചുകൊണ്ട് ചെയ്യുന്നത് അനുവദനീയമല്ലന്ന് എസ്. ശര്‍മ്മ തടസ്സ വാദം ഉന്നയിച്ചു.
നോട്ടീസില്‍ തെളിവില്ലെന്നും ആരോപണം മാത്രമേ ഉള്ളുവെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു. അതേസമയം ഒ രാജഗോപാല്‍ പ്രമേയത്തെ പിന്തുണച്ചു.
ഡോളര്‍ക്കടത്ത്, സഭ നടത്തിപ്പിലെ ധൂര്‍ത്ത് തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് പ്രതിപക്ഷം സ്പീക്കറെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അവിശ്വാസ പ്രമേയം നല്‍കിയത്.
Content Highlight: No-confidence motion against Speaker presented by M Ummar