ഹരിയാനയില്‍ നീക്കം പിഴച്ച് കോണ്‍ഗ്രസ്; അവിശ്വാസ പ്രമേയം പരാജയപ്പെട്ടു
national news
ഹരിയാനയില്‍ നീക്കം പിഴച്ച് കോണ്‍ഗ്രസ്; അവിശ്വാസ പ്രമേയം പരാജയപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th March 2021, 5:38 pm

ഹരിയാന: ഹരിയാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം മുന്നോടുവെച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ബി.ജെ.പി- ജെ.ജെ.പി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തിയ അവിശ്വാസ പ്രമേയത്തിലാണ് സര്‍ക്കാര്‍ വിജയിച്ചത്.

കര്‍ഷകസമരത്തില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അനുകൂലമായി നിലപാട് എടുക്കാത്ത സര്‍ക്കാരിനോടുള്ള വിശ്വാസം തകര്‍ന്നുവെന്നാരോപിച്ചായിരുന്നു അവിശ്വാസ പ്രമേയം.

എന്നാല്‍, അവിശ്വാസം കോണ്‍ഗ്രസിന്റെ സംസ്‌ക്കാരമാണെന്നാണ് നിയമസഭയില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞത്.

‘അവിശ്വാസ സംസ്‌കാരം’ ഒരു പഴയ കോണ്‍ഗ്രസ് പാരമ്പര്യമാണെന്നും ഈ അവിശ്വാസം പാര്‍ട്ടിക്കുള്ളില്‍ കാണാന്‍ കഴിയുന്നതുകൊണ്ടാണല്ലോ പി.സി ചാക്കോ പാര്‍ട്ടി വിട്ടതെന്നും ഖട്ടര്‍ പരിഹസിച്ചു.

”തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ ഇ.വി.എമ്മിനെ വിശ്വാസമില്ലെന്ന് പറയും. സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ വിശ്വാസമില്ല, അതുകൊണ്ട് തെളിവ് ചോദിക്കും, കോണ്‍ഗ്രസ് ആണ് അധികാരത്തിലെങ്കില്‍ ഒക്കെ ശരി, ബി.ജെ.പി ആണെങ്കില്‍ പറയും ഒന്നും കൃത്യമല്ലെന്ന്,” ഖട്ടര്‍ പറഞ്ഞു.

90 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 40 അംഗങ്ങളാണ് ഉളളത്. ജെ.ജെ.പിക്ക് 10 അംഗങ്ങളും ഉണ്ട്. 31 സീറ്റുകളിലായിരുന്നു കോണ്‍ഗ്രസ് വിജയിച്ചത്.

കര്‍ഷകര്‍ക്കെതിരേ ഏകാധിപത്യ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഏതൊക്കെ എം.എല്‍.എമാരാണ് കര്‍ഷകരെ പിന്തുണയ്ക്കുന്നതെന്ന് അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ മനസിലാകുമെന്നും മുന്‍ ഹരിയാന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ പറഞ്ഞിരുന്നു. സര്‍ക്കാരിനെതിരേ സഖ്യകക്ഷിക്കുളളില്‍ തന്നെ എതിര്‍പ്പുണ്ടെന്നും ഹൂഡ ആരോപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: No confidence motion against Haryana government defeated in Assembly