കെജ്‌രിവാളിന് കമ്പ്യൂട്ടറോ പേപ്പറോ കൊടുത്തിട്ടില്ല; കസ്റ്റഡിയില്‍ കഴിയവേ കെജ്‌രിവാള്‍ ഇറക്കിയ ആദ്യ ഉത്തരവില്‍ ഇ.ഡി
India
കെജ്‌രിവാളിന് കമ്പ്യൂട്ടറോ പേപ്പറോ കൊടുത്തിട്ടില്ല; കസ്റ്റഡിയില്‍ കഴിയവേ കെജ്‌രിവാള്‍ ഇറക്കിയ ആദ്യ ഉത്തരവില്‍ ഇ.ഡി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th March 2024, 11:57 am

ന്യൂദല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ കഴിയവേ ദല്‍ഹിയിലെ ജലവിതരണവുമായി ബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ച ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നടപടിയില്‍ അന്വേഷണവുമായി ഇ.ഡി.

വെള്ളവും മലിനജലവുമായി ബന്ധപ്പെട്ട പൊതുപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കെജ്രിവാള്‍ ഇഡി കസ്റ്റഡിയില്‍ നിന്ന് തനിക്ക് നിര്‍ദ്ദേശങ്ങളടങ്ങിയ രേഖ ശനിയാഴ്ച അയച്ചതായി ദല്‍ഹിയിലെ ജലമന്ത്രി അതിഷി ഞായറാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞതിന് പിന്നാലെയാണ് അന്വേഷണം.

ഇക്കാര്യം ഫെഡറല്‍ ഏജന്‍സിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കെജ്‌രിവാള്‍ ഇത്തരമൊരു നിര്‍ദേശം പുറപ്പെടുവിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും ഇ.ഡി പറഞ്ഞു.

മാര്‍ച്ച് 28 വരെയാണ് കെജ്രിവാളിനെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടത്. റിമാന്‍ഡ് കാലയളവില്‍ അദ്ദേഹത്തിന്റെ ഭാര്യ സുനിത കെജ്രിവാളിനും പേഴ്സണല്‍ അസിസ്റ്റന്റ് ബിഭാവ് കുമാറിനും എല്ലാ ദിവസവും വൈകുന്നേരം 6 നും 7 നും ഇടയില്‍ അരമണിക്കൂറോളം അദ്ദേഹത്തെ കാണാന്‍ കോടതി അനുവദിച്ചിരുന്നു.

ഇ.ഡി ആസ്ഥാനത്ത് നിന്ന് അരവിന്ദ് കെജ്രിവാളിന് കമ്പ്യൂട്ടറോ പേപ്പറോ നല്‍കിയിട്ടില്ല. ഞങ്ങള്‍ ഇത് അന്വേഷിക്കുകയാണ്,’ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചിട്ടാണോ ഭരണത്തില്‍ അദ്ദേഹം ഇടപെട്ടതെന്ന് അന്വേഷിക്കുമെന്ന് ഇ.ഡി വൃത്തങ്ങള്‍ അറിയിച്ചു. അപാകതകള്‍ കണ്ടെത്തിയാല്‍ പ്രത്യേക കോടതിയെ കാര്യങ്ങള്‍ ബോധിക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.

കെജ്‌രിവാള്‍ ആരെയൊക്കെ കാണുന്നുണ്ടെന്ന കാര്യം സി.സി.ടി.വി വീഡിയോ ലിങ്ക് വഴി തങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു.

ദല്‍ഹിയിലെ ജലവിതരണം സുഗമമാക്കാനുള്ള നിര്‍ദേശമാണ് ഇ.ഡി കസ്റ്റഡിയിലിരിക്കെ കെജ്‌രിവാള്‍ നല്‍കിയത്. ഇത് സംബന്ധിച്ച കത്ത് വകുപ്പുമന്ത്രി അതിഷി മര്‍ലേനക്ക് കെജ്രിവാള്‍ കൈമാറുകയായിരുന്നു. വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ അധിക ജല ടാങ്കറുകള്‍ വിന്യസിക്കാന്‍ കത്തില്‍ കെജ്‌രിവാള്‍ നിര്‍ദ്ദേശിച്ചു.

പ്രവര്‍ത്തനങ്ങളില്‍ ചീഫ് സെക്രട്ടറിയെ ഉള്‍പ്പെടുത്താനും ആവശ്യമെങ്കില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേനയുടെ സഹായം തേടാനും ഉത്തരവില്‍ നിര്‍ദേശം നല്‍കിയതായി അതിഷി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

ദല്‍ഹിയിലെ അഴുക്കുചാലുകളുടെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നും മന്ത്രിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്ത് കെജ്‌രിവാളിന് തുടരാനാകുമോ എന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് കസ്റ്റഡിയിലിരിക്കെ കെജ്‌രിവാളിന്റെ ആദ്യ ഉത്തരവ്.

വ്യാഴാഴ്ച രാത്രി അറസ്റ്റിലായ കെജ്‌രിവാളിനെ കോടതി മാര്‍ച്ച് 28 വരെ ഇ.ഡി. കസ്റ്റഡിയില്‍ വിട്ടിരുന്നു. ഒമ്പതുതവണ ബോധപൂര്‍വം സമന്‍സ് അവഗണിച്ച കെജ്‌രിവാള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ഇ.ഡി.യുടെ വാദം അംഗീകരിച്ചാണ് സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ കെജ്‌രിവാളിനെ കസ്റ്റഡിയില്‍ വിട്ടത്.

അറസ്റ്റില്‍നിന്ന് സംരക്ഷണം തേടിയുള്ള കെജ്‌രിവാളിന്റെ അപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി മണിക്കൂറുകള്‍ക്കകമായിരുന്നു വ്യാഴാഴ്ച രാത്രി അദ്ദേഹത്തെ അറസ്റ്റുചെയ്തത്.

Content Highlight: No Computer, Paper Given To Kejriwal’: ED on Delhi CM’s ‘1st Order’ From Custody