മധുര: പോപ്പുലർ ഫ്രണ്ടിന്റെ മാർച്ചിനിടയിൽ പൊലീസിന്റെ ലാത്തി കൊണ്ട് പരിക്കേറ്റയാൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ ഹരജി മദ്രാസ് ഹൈക്കോടതി തള്ളി. 2014ൽ രാമനാഥപുരം ജില്ലയിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ മാർച്ചിന് നേരെ പൊലീസ് ലാത്തി വീശിയപ്പോൾ തനിക്ക് മാരകമായ പരിക്കേറ്റെന്നും സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ എസ്.എ. സയ്യിദ് ഷെയ്ഖ് നൽകിയ ഹരജിയാണ് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റെ ബെഞ്ച് തള്ളിയത്.
പൊലീസ് അതിക്രമം അഴിച്ചുവിട്ടു എന്നതിന് തെളിവില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. സംഭവത്തിൽ പൊലീസിനെതിരെ നൽകിയ മറ്റൊരു ഹരജിയുടെ ഭാഗമായി സി.ബി-സി.ഐ.ഡി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പൊലീസ് കുറ്റവിക്തരാണെന്ന് കണ്ടെത്തിയിട്ടുള്ളതാണെന്നും ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ പറഞ്ഞു.
നിയമവിരുദ്ധമായി സംഘം ചേർന്നതിന് പരാതിക്കാരൻ ഉൾപ്പെടെയുള്ള പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് നിലനിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. പൊലീസിന്റെ കല്പന മറികടന്ന് മാർച്ച് ആരംഭിക്കുന്ന സ്ഥലം സമരക്കാർ മാറ്റുവാൻ പാടില്ലായിരുന്നു എന്ന് പറഞ്ഞ കോടതി, നിയമം ഉദ്യോഗസ്ഥർക്കും സർക്കാർ സംവിധാനങ്ങൾക്കും മാത്രമല്ല, വ്യക്തികൾക്ക് കൂടി ബാധകമാണെന്നും വ്യക്തമാക്കി.
2014 ഫെബ്രുവരി 17 ന് രാമനാഥപുരത്ത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പൊതുയോഗം ചേരാനും മാർച്ച് നടത്താനും അനുമതി ലഭിച്ചിരുന്നു. കുമാരയ്യ കോവിൽ ജങ്ഷനിൽ നിന്ന് മാർച്ച് ആരംഭിക്കാനായിരുന്നു തീരുമാനമെങ്കിലും ക്രമസമാധാനം കണക്കിലെടുത്ത് ചിന്നക്കടൈ ജങ്ഷനിൽ വെച്ച് മാത്രം മാർച്ച് ആരംഭിക്കാനാണ് പൊലീസ് അനുമതി നൽകിയത്. 1300ഓളം പ്രവർത്തകർ നീളം കൂടിയ പാത തിരഞ്ഞെടുത്ത് രാമനാഥപുരം-രാമേശ്വരം ഹൈവേയിൽ സ്ഥിതി ചെയ്യുന്ന പള്ളിവാസലിൽ ഒരുമിച്ച് കൂടുകയായിരുന്നു. ഇതിനെ തുടർന്ന് പൊലീസ് പ്രവർത്തകർക്ക് നേരെ ലാത്തി വീശി.
‘കേരളത്തിലെ പ്രൊഫ. ടി.ജെ. ജോസഫിന് നേരെയുള്ള പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ക്രൂരമായ ആക്രമണം കുപ്രസിദ്ധമാണ്. ദൈവനിന്ദ ആരോപിച്ച് പ്രൊഫസറുടെ കൈവെട്ടി മാറ്റി. നൈരാശ്യത്തിലേക്ക് പോയ പ്രൊഫസറുടെ ഭാര്യ പിന്നീട് ആത്മഹത്യ ചെയ്തു. തീർച്ചയായും 2014ൽ ഒരു നിരോധിത സംഘടന ആയിരുന്നില്ല. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കുള്ളിൽ തീവ്ര വഹാബി ഘടകങ്ങളുണ്ടെന്ന വസ്തുത ആർക്കും ജുഡീഷ്യൽ ശ്രദ്ധയിൽപ്പെടുത്താം,’ ജി.ആർ. സ്വാമിനാഥൻ പറഞ്ഞു.
2022ലാണ് തീവ്രവാദ ഫണ്ടിങ്ങിലും ആഗോള ഭീകര ഗ്രൂപ്പുകളുമായുള്ള ബന്ധത്തിലും പങ്കുണ്ടെന്ന് ആരോപിച്ച് അഞ്ച് വർഷത്തേക്ക് പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചത്.
Content Highlight: No compensation to PFI member for lathi charge blow, says HC